താലിബാന് പിന്നാലെ റഷ്യ, അഫ്ഗാനില്‍ നിന്ന് ഉക്രെയ്‌നില്‍ : യുദ്ധങ്ങള്‍ താണ്ടി അജ്മലിന്റെ ജീവിതയാത്ര

കീവ് : അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിക്കുമെന്നുറപ്പായതോടെ ജീവിതം വാരിപ്പിടിച്ച് ഉക്രെയ്‌നിലേക്ക് രക്ഷപെട്ടപ്പോള്‍ സ്വര്‍ഗത്തിലെത്തിയ അനുഭവമായിരുന്നു അജ്മല്‍ റഹ്‌മാനിക്ക്.എന്നാല്‍ ഉക്രെയ്‌നിലെത്തി ഒരു വര്‍ഷം മാത്രം പിന്നിടുമ്പോള്‍ ആ സ്വര്‍ഗത്തില്‍ അധിക നാള്‍ അജ്മല്‍ സുഖിക്കേണ്ട എന്ന് തീരുമാനിച്ചിരിക്കുകയാണ്‌ വിധി. കഴിഞ്ഞ ദിവസം പിന്നെയും ഉള്ളതെല്ലാം വാരിയെടുത്ത് ഓടേണ്ടി വന്നു അജ്മലിന്. ഇത്തവണ ഉക്രെയ്‌നില്‍ നിന്ന് പോളണ്ടിലേക്ക്..വില്ലന്‍ സ്ഥാനത്തുള്ളത് താലിബാന് പകരം റഷ്യയും.

കാബൂള്‍ എയര്‍പോര്‍ട്ടില്‍ നാറ്റോയ്ക്ക് വേണ്ടി പതിനെട്ട് വര്‍ഷം ജോലി ചെയ്തിരുന്നു അജ്മല്‍. അഫ്ഗാന്റെ തന്ത്ര പ്രധാനമായ ഇടങ്ങളിലേക്ക് താലിബാന്‍ അധിനിവേശം നടത്തുമെന്നുറപ്പായതോടെ കുടുംബവുമായി ഉക്രെയ്‌നിലേക്ക് കുടിയേറി. യുഎസ്-നാറ്റോ സഖ്യം അഫ്ഗാന്‍ വിടുന്നതിന് നാല് മാസം മുമ്പായിരുന്നു ഇത്. സഖ്യത്തിന് വേണ്ടി ജോലി ചെയ്തിരുന്നതിനാല്‍ അജ്മലിന് മേല്‍ കടുത്ത സമ്മര്‍ദവും ഭീഷണികളുമുണ്ടായിരുന്നു.

ഉണ്ടായിരുന്ന കാറും വീടും സമ്പാദ്യവുമെല്ലാം വിറ്റ് പെറുക്കിയാണ് അജ്മല്‍ കുടുംബവുമൊത്ത്‌ ഉക്രെയ്‌നിലെത്തിയത്. അഫ്ഗാനില്‍ നിന്ന് പുറത്ത് കടക്കാന്‍ വിസ സംഘടിപ്പിക്കുക എളുപ്പമല്ലായിരുന്നുവെങ്കിലും ഉക്രെയ്ന്‍ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. അഭയം നല്‍കിയ രാജ്യം ഇന്ന് സമാന അവസ്ഥയിലൂടെ കടന്നുപോകുന്നത് നിസ്സഹായതയോടെ നോക്കി നില്‍ക്കുകയാണ് അജ്മല്‍. എല്ലാം ദൗര്‍ഭാഗ്യം എന്നോര്‍ത്ത് നെടുവീര്‍പ്പിടാനേ അജ്മലിന് കഴിയുന്നുള്ളൂ. താന്‍ പോകുന്നിടത്തെല്ലാം യുദ്ധവും കൂടെ വരുമെന്നാണ് അജ്മല്‍ പറയുന്നത്.

ഭാര്യയെയും പതിനൊന്നും ഏഴും വയസ്സുള്ള മക്കളെയും കൂട്ടി 30 കിലോമീറ്റര്‍ നടന്നാണ് അജ്മല്‍ കഴിഞ്ഞ ദിവസം പോളണ്ട് അതിര്‍ത്തി കടന്നത്. ആകെ 1,110 കിലോമീറ്റര്‍ താണ്ടി. മറ്റ് അഭയാര്‍ഥികളെ പോലെ പോളിഷ് വിസ ഇല്ലാതെയാണ് അഭയം തേടി അജ്മലും കുടുംബവും പോളണ്ടില്‍ എത്തിയത് എന്നതിനാല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ 15 ദിവസം കഴിയണം.

ഉക്രെയ്‌നില്‍ കൂട്ടപ്പലായനം ആരംഭിച്ചതോടെ അജ്മലിനെപ്പോലെ ലക്ഷക്കണക്കിനാളുകളാണ് അതിര്‍ത്തി മേഖലകളിലേക്കെത്തുന്നത്. പോളണ്ട് കൂടാതെ ഹംഗറി, റൊമേനിയ, സ്ലോവാക്യ തുടങ്ങിയ മേഖലകളിലേക്കും ജനങ്ങള്‍ കുടിയേറുകയാണ്. റഷ്യന്‍ അധിനിവേശത്തിന് മുമ്പ് തന്നെ ഏകദേശം പതിനഞ്ച് ലക്ഷത്തോളം ഉക്രെയ്ന്‍കാരാണ് പോളണ്ടിലുണ്ടായിരുന്നത്. എന്നിരുന്നാലും ഉക്രെയ്‌നോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അതിര്‍ത്തി കടക്കുന്നവര്‍ക്കായി എല്ലാവിധ സഹായങ്ങളും പോളണ്ട് ഏര്‍പ്പാടാക്കിയിട്ടുണ്ട്. അതിര്‍ത്തിക്ക് സമീപമുള്ള സ്‌കൂളുകളും ജിംനേഷ്യങ്ങളുമെല്ലാം അഭയാര്‍ഥികള്‍ക്കുള്ള സ്വീകാര്യകേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുകയാണ്. കാല്‍നടയായി എത്തുന്നവര്‍ക്കായി എട്ട് അതിര്‍ത്തികളും തുറന്നിട്ടുമുണ്ട്.

Exit mobile version