മിടുക്കരായ ഇന്ത്യക്കാര്‍ ഇപ്പോള്‍ അമേരിക്കയേക്കാള്‍ പരിഗണിക്കുന്നത് കാനഡയെന്ന് വിദഗ്ധര്‍

Immigration | Bignewslive

വാഷിംഗ്ടണ്‍ : അമേരിക്കയിലെ കാലഹരണപ്പെട്ട എച്ച്-1ബി വിസ നയം മൂലം തൊഴില്‍വൈദഗ്ദ്യമുളള ഇന്ത്യക്കാര്‍ ഇപ്പോള്‍ കൂടുതലായും കാനഡയിലേക്ക് ചേക്കേറുന്നുവെന്ന് യുഎസ് ഇമിഗ്രേഷന്‍, പോളിസി വിദഗ്ധര്‍.

അമേരിക്കന്‍ ജനപ്രതിനിധികള്‍ക്ക് മുന്നിലാണ് വീസാ നയത്തിന്റെ പ്രശ്‌നങ്ങള്‍ വിദഗ്ധര്‍ അവതരിപ്പിച്ചത്. ഗ്രീന്‍ കാര്‍ഡ് ലഭിക്കാനെടുക്കുന്ന കാലതാമസം തൊഴില്‍വൈദഗ്ദ്യമുള്ള ഇന്ത്യക്കാരെ കാനഡയിലേക്ക് ആകര്‍ഷിക്കുന്നുവെന്ന് നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്റ്റുവര്‍ട്ട് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. ഇത് പരിഹരിക്കാന്‍ എത്രയും പെട്ടന്ന് നടപടിയെടുത്തില്ലെങ്കില്‍ വിദഗ്ധരായ ആളുകളുടെ ദൗര്‍ലഭ്യം നേരിടേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു.

തൊഴില്‍ വൈദഗ്ധ്യമുള്ള വിദേശ പൗരന്മാരും വിദ്യാര്‍ഥികളും ഇപ്പോള്‍ അമേരിക്കയേക്കാള്‍ പരിഗണന നല്‍കുന്നത് കാനഡയ്ക്കാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം എച്ച്-1ബി വീസയില്‍ അമേരിക്കയില്‍ ജോലി ചെയ്യേണ്ടി വരുന്നവര്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും മറ്റുമാണ് ഇതിന് കാരണമെന്ന് വ്യക്തമാക്കി. സ്ഥിരതാമസത്തിന് അനുമതി ലഭിക്കുന്നതില്‍ കാനഡയിലെ നടപടികള്‍ താരതമ്യേന എളുപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാനഡയിലെ സര്‍വകലാശാലകളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധനവുണ്ടായി. കാനഡയിലെ മെച്ചപ്പെട്ട കുടിയേറ്റ നയമാണ് വിദേശികളെ അവിടേക്ക് ആകര്‍ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version