ബിസിനസിലേക്ക് ഇറങ്ങാന്‍ പ്രായം ഒരു പ്രശ്‌നമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കൊച്ചുമിടുക്കന്‍

ന്യൂയോര്‍ക്: ബിസിനസിലേക്ക് ഇറങ്ങാന്‍ പ്രായം ഒരു പ്രശ്‌നമാണോ. അല്ല എന്ന് തെളിയിക്കുന്നതാണ് റയാന്‍ എന്ന ബാലന്റെ ജീവിതം. യുട്യൂബ് ചാനല്‍ വഴി ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന എട്ടുവയസുകാരനായ റയാന്‍ ഖാജി ആണ് സമൂഹമാധ്യമങ്ങളിലെ
ഇപ്പോഴത്തെ ഹീറോ. പ്രതിവര്‍ഷം 26 ദശലക്ഷം ഡോളറാണ് ഈ കൊച്ചുമിടുക്കന്‍ ഉണ്ടാക്കുന്നത്. ഏതാണ്ട് 185 കോടി രൂപയോളം വരുമിത്.

ബുധനാഴ്ച ഫോര്‍ബ്‌സ് പുറത്തുവിട്ട കണക്കിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. ഖാജി എന്നറിയപ്പെടുന്ന റയാന്‍ ഗുആന്‍ തന്നെയായിരുന്നു 2018 ലും മുന്നില്‍. 22 ദശലക്ഷം ഡോളറായിരുന്നു വരുമാനം. റയാന്റെ മാതാപിതാക്കളുടെ പിന്തുണയോടെ 2015 ലാണ് ചാനലിന്റെ തുടക്കം. അന്ന് റയാന് പ്രായം വെറും മൂന്ന് വയസായിരുന്നു. അന്ന് ചാനലിന് 23 ലക്ഷത്തോളം സബ്‌സ്‌ക്രൈബേര്‍സ് ഉണ്ടായിരുന്നു.

റയാന്‍സ് ടോയ്‌സ് റിവ്യു എന്നായിരുന്നു ചാനലിന്റെ ആദ്യത്തെ പേര്. റയാല്‍ കളിപ്പാട്ടങ്ങളുടെ പെട്ടികള്‍ തുറക്കുന്നതും അതുപയോഗിച്ച് കളിക്കുന്നതുമായിരുന്നു ആദ്യത്തെ വീഡിയോകള്‍. ചാനലിലെ നിരവധി വീഡിയോകള്‍ക്ക് ഇതിനോടകം ഒരു ബില്യണ്‍ വ്യൂ ലഭിച്ചിട്ടുണ്ട്.

ആകെ 35 ബില്യണ്‍ വ്യൂവാണ് ഉള്ളത്. ഇപ്പോള്‍ കളിപ്പാട്ടങ്ങളുടെ റിവ്യൂവിന് പുറമെ എഡുക്കേഷണല്‍ വീഡിയോസും റയാന്റെ പേജിലുണ്ട്. ഫോര്‍ബ്‌സിന്റെ പട്ടികയില്‍ ഡൂഡ് പെര്‍ഫെക്ട് എന്ന ചാനലിനെയാണ് റയാന്‍ പിന്നിലാക്കിയത്. ടെക്‌സസിലെ ഒരു സുഹൃദ് സംഘത്തിന്റെ ചാനലിന് 2018 ജൂണ്‍ ഒന്നിനും 2019 ജൂണ്‍ ഒന്നിനും ഇടയില്‍ ആകെ 20 ദശലക്ഷം ഡോളറാണ് വരുമാനം ലഭിച്ചത്.

പലപ്പോഴും കുട്ടികളുടെ കുസൃതി നിറഞ്ഞ ടിക് ടോക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. അത്തരത്തില്‍ ജനങ്ങള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച വീഡിയോകള്‍ ആണ് റയാന്‍ ഖാജിന്റെതും.

Exit mobile version