അഗ്‌നിപര്‍വ്വതം ഇനിയും അപകടകാരിയായേക്കാം; ജാഗ്രത

ന്യൂസിലാന്‍ഡ്; നിരവധി വിനോദ സഞ്ചാരികള്‍ സന്ദര്‍ശനം നടത്തുന്ന ദ്വീപാണ് ന്യൂസിലന്‍ഡിലെ വൈറ്റ് ദ്വീപ്. കഴിഞ്ഞ ദിവസം ഇവിടെ സ്‌ഫോടനം നടക്കുമ്പോഴും പ്രദേശത്ത് സഞ്ചാരികള്‍ ഉണ്ടായിരുന്നു. കാലങ്ങളായി പുകഞ്ഞ് നില്‍ക്കുന്നതിനാല്‍ അഗ്‌നിപര്‍വ്വതം ഏത് നിമിഷവും പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് സഞ്ചാരികള്‍ കാഴ്ച്ച കാണാന്‍ ന്യൂസിലാന്‍ഡില്‍ എത്തിയത്.

സഞ്ചാരികള്‍ ഇവിടെ ഉള്ള സമയത്താണ് അപ്രതീക്ഷിതമായി അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രാദേശികസമയം 2.15 ഓടെയായിരുന്നു സംഭവം. അപകടത്തില്‍ അനവധി പേര്‍ മരിച്ചതായും പലരെയും ഇപ്പോഴും ദ്വീപില്‍ കാണാതായതായും പോലീസ് പറഞ്ഞു. അതേസമയം ഇവിടെ എപ്പോള്‍ വേണമെങ്കിലും സ്‌ഫോടനം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് മുന്നിറിയിപ്പ് നല്‍കിയിരിക്കുകയാണ് ഗവേഷകര്‍.

എന്നാല്‍ അപകടകരമായി നിലനില്‍ക്കുന്ന വൈറ്റ് ഐലന്‍ഡില്‍ പിന്നെയും ആളുകള്‍ എത്തുന്നത് എന്തുകൊണ്ടാണ്? അത്രയേറെയാണ് അതിന്റെ വശ്യത എന്നതുകൊണ്ട് മാത്രമാണത്. പ്രകൃതിസൗന്ദര്യത്താല്‍ അനുഗ്രഹീതമായ ദ്വീപിലെ മഞ്ഞുറഞ്ഞ താഴ്‌വരകളും നീലത്തടാകങ്ങളും ആരെയും മയക്കുന്നതാണ്. പക്ഷേ, ആ സൗന്ദര്യത്തിന്റെ കീഴില്‍ പതിയിരിക്കുന്ന ഒരു അഗ്‌നിക്കടലുണ്ട്…

പതിനായിരക്കണക്കിന് വിനോദസഞ്ചാരികളാണ് പ്രതിവര്‍ഷം അഗ്‌നിപര്‍വ്വതം കാണാനായി ഇവിടെ എത്തിച്ചേരുന്നത്. ന്യൂസിലന്റിന്റെ സജീവ പര്‍വ്വതങ്ങളുടെ പട്ടികയില്‍പ്പെടുന്ന വൈറ്റ് ഐലന്‍ഡ്, വക്കാരി അഗ്‌നിപര്‍വതം എന്നും അറിയപ്പെടുന്നു. ഈ അഗ്‌നിപര്‍വ്വതത്തിന്റെ 70 ശതമാനം കടലിനടിയിലാണ്.

1769 -ല്‍ പര്യവേക്ഷകനായ ക്യാപ്റ്റന്‍ ജെയിംസ് കുക്കാണ് ‘വൈറ്റ് ഐലന്‍ഡ്’ എന്ന പേര് അതിനു സമ്മാനിച്ചത്. എപ്പോഴും മേഘങ്ങളുടെ വെള്ളപ്പുതപ്പാല്‍ മൂടിയിരിക്കുന്നത് കൊണ്ടായിരിക്കും ഈ പേര് വീണത്. 24 വര്‍ഷത്തോളം തുടര്‍ച്ചയായ പൊട്ടിത്തെറികള്‍ നടക്കുന്ന ഇവിടെ 2011 -ലാണ് രണ്ടാമത്തെ പൊട്ടിത്തെറിയുടെ പരമ്പര ആരംഭിച്ചത്.

ഭൂകമ്പങ്ങളും, വാതകങ്ങളും എന്തിന് ഏറെ, താടകത്തിലെ വെള്ളത്തിലുണ്ടാകുന്ന ചെറിയ മാറ്റം പോലും അതിലോലമായ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നു. ഇത് നിശ്ചലമായ വെള്ളത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. തുടര്‍ന്ന് ഒരു മുന്നറിയിപ്പ് പോലുമില്ലാതെ അവ പൊട്ടിത്തെറിക്കുന്നു.

.

Exit mobile version