ചാണകവും വിദേശ വിപണിയില്‍ ഇടം പിടിച്ച്; ന്യൂജേഴ്സില്‍ ചാണകവരളിക്ക് 215 രൂപ

വാഷിങ്ടണ്‍: പല ഇന്ത്യന്‍ വിഭവങ്ങളും വിദേശ രാജ്യളിലെ വിപണിയിലും ശ്രദ്ധനേടാറുണ്ട്. തേങ്ങകൊണ്ടുള്ള വിഭവങ്ങളെല്ലാം ഇതില്‍ പ്രധാനിയാണ്. എന്നാല്‍ ചാണകവരളി പാക്കുകളിലാക്കി വില്‍പ്പനയ്ക്ക് വെയ്ക്കുന്ന കട ആരും കാണാനിടയില്ല. അത്തരം ഒരു കടയും ന്യൂജേഴ്‌സിയില്‍ ഉണ്ട്. ഏറ്റവും കുറഞ്ഞ ചെലവില്‍ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ തയ്യാറാക്കുന്ന ചാണകവരളിയ്ക്ക് 215 രൂപയാണ് കടയിലെ വില.

സമര്‍ ഹലാങ്കര്‍ എന്നയാളാണ് ന്യൂജേഴ്‌സിയിലെ കടയില്‍ ചാണകവരളി വില്‍പ്പനയ്ക്ക് വച്ചതിന്റെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്. ”തന്റെ കസിനാണ് ചാണകവരളിയുടെ ചിത്രങ്ങള്‍ അയച്ചുതന്നത്. എഡിസണിലെ ഒു കടയിലാണ് ചാണകവരളി വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. 2.99 ഡോളര്‍ (215 രൂപ)യാണ് വില. അപ്പോള്‍ എന്റെ ചോദ്യമിതാണ്: ഇന്ത്യയിലെ പശുവിന്റെ ചാണകം കയറ്റി അയച്ചാണോ അതോ യാങ്കി പശുക്കളുടെ ചാണകം ഉപയോഗിച്ചാണോ ഈ ചാണകവരളി ഉണ്ടാക്കിയിരിക്കുക?” എന്ന അടിക്കുറിപ്പോടെയാണ് സമര്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്.

‘ഭക്ഷ്യയോഗ്യമല്ല, മതപരമായ ചടങ്ങുകള്‍ക്ക് മാത്രം’ എന്ന ലേബലോടുകൂടിയാണ് ചാണകവരളി പാക്ക് ചെയ്തിരിക്കുന്നത്. ഒരു പാക്കറ്റില്‍ പത്ത് ചാണകവരളിയാണുണ്ടാകുക. ചാണകവരളി വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നുവെന്ന അമ്പരപ്പിനൊപ്പം ഉത്പന്നത്തിന്റെ പരസ്യവാചകം കണ്ട് ചിരിക്കുകയാണ് സോഷ്യല്‍മീഡിയ. ‘ചാണകവരളി കുക്കീസ് എന്ന് പറഞ്ഞ് യുഎസ്സില്‍ വില്‍ക്കുന്നതായിരിക്കും നല്ലത്’, ‘ഇന്ത്യയുടെ ഉത്പന്നം’ തുടങ്ങി അടിക്കുറിപ്പോടെ ആളുകള് ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നുമുണ്ട്.

Exit mobile version