‘ഡ്രസിങ് റൂമിലെത്തി മനോവീര്യം ഉയർത്തിയതിന് നന്ദി’; പ്രധാനമന്ത്രി ആശ്വസിപ്പിക്കുന്ന ചിത്രം പങ്കിട്ട് മുഹമ്മദ് ഷമി

അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട വിഷമത്തിലായിരുന്ന ഇന്ത്യൻ താരങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡ്രസിങ് റൂമിലെത്തി ആശ്വസിപ്പിച്ചു. ഫൈനലിലെ കിരീട പോരാട്ടത്തിന് സാക്ഷ്യം വഹിക്കാനായി പ്രധാനമന്ത്രി മോഡി അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിലെത്തിയിരുന്നു.

പരാജയപ്പെട്ടതിന് പിന്നാലെ നിരാശയിലായ താരങ്ങളെ പ്രധാനമന്ത്രി ആശ്വസിപ്പിച്ചെന്ന് മുഹമ്മദ് ഷമി അടക്കമുള്ള താരങ്ങൾ സോഷ്യൽമീഡിയയിലൂടെ അറിയിച്ചു. ‘ദൗർഭാഗ്യവശാൽ ഇന്നലെ നമ്മുടെ ദിവസമായിരുന്നില്ല. ടൂർണമെന്റിലുടനീളം ഞങ്ങളുടെ ടീമിനെയും എന്നെയും പിന്തുണച്ചതിന് എല്ലാ ഇന്ത്യക്കാർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.’

‘പ്രത്യേകമായി ഡ്രസ്സിങ് റൂമിലെത്തി ഞങ്ങളുടെ മനോവീര്യമുയർത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും നന്ദി. ഞങ്ങൾ തിരിച്ചുവരും’ ഷമി എക്സിൽ പങ്കിട്ട പോസ്റ്റിൽ പറയുന്നു. ഒപ്പം പ്രധാനമന്ത്രി തന്നെ ചേർത്ത് പിടിച്ചതിന്റെ ചിത്രവും ഷമി പങ്കുവെച്ചു.

ടൂർണമെന്റിൽ 24 വിക്കറ്റുകൾ സ്വന്തമാക്കിയ ഷമി ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായിരുന്നു. അതേസമയം, ‘ഞങ്ങളുടെ ഒരു മികച്ച ടൂർണമെന്റായിരുന്നു ഇത്. എന്നാൽ ഇന്നലെ അത് ഹ്രസ്വമായി അവസാനിച്ചു. മനസ്സിടറിയ ഞങ്ങൾക്ക് ജനങ്ങളുടെ പിന്തുണയാണ് മുന്നോട്ടേക്ക് നയിക്കുന്നത്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡ്രസ്സിങ് റൂമിലെത്തിയത് സവിശേഷകരവും പ്രചോദിതവുമായിരുന്നു’- എന്നാണ് രവീന്ദ്ര ജഡേജ കുറിച്ചത്.

ALSO READ- സ്വർണ മെഡലണിഞ്ഞ് ലോകകപ്പ് കിരീടത്തിന് മുകളിൽ കാല് കയറ്റിവെച്ച് വിശ്രമിക്കുന്ന മിച്ചൽ മാർഷ്; ഹൃദയം തകർന്ന് ഇന്ത്യൻ ആരാധകർ

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഓസ്ട്രേലിയൻ ഉപ പ്രധാനമന്ത്രി റിച്ചാർഡ് മാൾസും ചേർന്നാണ് ഫൈനലിൽ വിജയം നേടിയ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസിനും ടീമിനും ലോകകപ്പ് കിരീടം സമ്മാനിച്ചത്.

Exit mobile version