കൊവിഡ് 19; സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗ ബാധിതരുടെ എണ്ണം 21 ആയി; കനത്ത ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് കോഴ്‌സ് കഴിഞ്ഞെത്തിയ ഡോക്ടര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ കൊച്ചി എയര്‍പ്പോര്‍ട്ടില്‍ നിന്ന് പിടികൂടിയ യുകെ സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 21 ആയി ഉയര്‍ന്നു. കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് നിലവില്‍ 7677 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. രോഗലക്ഷണങ്ങളുള്ള 302 പേര്‍ ആശുപത്രിയിലും 7375 പേര്‍ വീടുകളിലുമാണ് കഴിയുന്നത്. ആശുപത്രിയില്‍ കഴിയുന്ന രോഗികളുടെ ആരോഗ്യനില തൃപ്തികരമാണ്.

കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പും പോലീസും ഇന്ന് മുതല്‍ സംസ്ഥാനത്ത് പരിശോധന കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്. അതിനിടെ രാജ്യത്ത് ആകെ 111 പേര്‍ക്ക് കൊറൊണ സ്ഥിരീകരിച്ചു. തെലങ്കാനയില്‍ ഒന്നും കേരളത്തില്‍ രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Exit mobile version