വ്യാജവാര്‍ത്തകള്‍ തടയാന്‍ പെരുമാറ്റച്ചട്ടവുമായി ഫേസ്ബുക്ക്

ഫേസ്ബുക്ക് ഫീഡില്‍ വ്യാജവാര്‍ത്തകള്‍ കടന്നുകൂടാതിരിക്കാന്‍ വാര്‍ത്താലിങ്കുകള്‍ പരിശോധിച്ച് സത്യമാണെന്ന് ഉറപ്പുവരുത്തുന്ന ഫാക്ട് ചെക്കിങ് സേവനം ഫേസ്ബുക്ക് അവതരിപ്പിച്ചിരിക്കുകയാണ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കവെ വ്യാജവാര്‍ത്തകള്‍ക്ക് തടയിടാനും കുപ്രചരണങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനും കര്‍ശന പെരുമാറ്റച്ചട്ടവുമായി ഫേസ്ബുക്ക് ഇന്ത്യ രംഗത്തെത്തിയിരിക്കുകയാണ്.

യുഎസ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ വിവാദത്തില്‍ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട ഫെയ്‌സ്ബുക് പിന്നീടു ലോകത്തു നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം വലിയ സൂക്ഷ്മതയും ശ്രദ്ധയും പുലര്‍ത്തി വരുന്നുണ്ട്. വ്യാജവാര്‍ത്തകള്‍ വലിയ ദുരന്തങ്ങള്‍ക്കു കാരണമാകുന്ന ഇന്ത്യയില്‍ സാമൂഹികവിരുദ്ധരും രാഷ്ട്രീയ പാര്‍ട്ടികളും ഫേസ്ബുക്ക് സംവിധാനം ദുരുപയോഗം ചെയ്യാതിരിക്കാന്‍ വലിയ മുന്‍കരുതലുകളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ഫെയ്‌സ്ബുക്ക് ഇന്ത്യ പ്രതിനിധി മനീഷ് ഖണ്ഡൂരി പറഞ്ഞു.

ഫേസ്ബുക്ക് ഫീഡില്‍ വ്യാജവാര്‍ത്തകള്‍ കടന്നുകൂടാതിരിക്കാന്‍ വാര്‍ത്താലിങ്കുകള്‍ പരിശോധിച്ച് സത്യമാണെന്ന് ഉറപ്പുവരുത്തുന്ന ഫാക്ട് ചെക്കിങ് സേവനം ഫേസ്ബുക്ക് അവതരിപ്പിച്ചിരിക്കുകയാണ്. മലയാളം ഉള്‍പ്പെടെ ആറ് ഭാഷകളിലേക്കും ഇത് വ്യാപിപ്പിച്ചു. കൂടുതല്‍ വാര്‍ത്താ വെബ്‌സൈറ്റുകളെ പദ്ധതിയില്‍ പങ്കാളികളാക്കി സേവനം വിപുലീകരിക്കാനും തീരുമാനമുണ്ട്.

രാഷ്ട്രീയ പാര്‍ട്ടികള്‍ പോസ്റ്റ് ചെയ്യുന്ന ഫെയ്‌സ്ബുക് പരസ്യങ്ങള്‍ക്കും പെരുമാറ്റച്ചട്ടം വരുന്നുണ്ട്. കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ രാഷ്ട്രീയ പരസ്യനയത്തിലാണ് പുതിയ പെരുമാറ്റച്ചട്ടമുള്ളത്. സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്ന നീക്കമാണിത്. പഴയതുപോലെ ആര്‍ക്കും തോന്നുന്നതുപോലെ ഫെയ്‌സ്ബുക്കില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കാനാവില്ല.

അംഗീകൃത ഏജന്‍സികള്‍ക്കും വ്യക്തികള്‍ക്കും മാത്രമാണ് ഇനി പരസ്യം പ്രസിദ്ധീകരിക്കാനാള്ള അധികാരമുണ്ടാവുക. പ്രസിദ്ധീകരിക്കുന്ന എല്ലാ രാഷ്ട്രീയ പരസ്യങ്ങളിലും മുകളിലുള്ള ഡിസ്‌ക്ലെയ്മറുകളില്‍ ആരാണ് പ്രസിദ്ധീകരിക്കുന്നത്, അല്ലെങ്കില്‍ ആരു പണം നല്‍കിയാണ് പ്രസിദ്ധീകരിക്കുന്നത് എന്നും നല്‍കിയിരിക്കണം.

പരസ്യ ഏജന്‍സികള്‍ക്ക് പണം നല്‍കിയ രാഷ്ട്രീയ പാര്‍ട്ടിയുടെയോ ഏജന്‍സിയുടെ പേരോ നേതാവിന്റെ പേരോ നല്‍കാവുന്നതാണ്. പരസ്യം നല്‍കുന്നവരുടെ ഫെയ്‌സ്ബുക് പേജുകളില്‍ അവരുടെ രാജ്യവും വ്യക്തമാക്കണം. വിദേശ ഇടപെടലിനെ സംബന്ധിച്ചുള്ള ആരോപണങ്ങള്‍ക്ക് തടയിടാനാണ് ഈ നീക്കം.

പരസ്യത്തിനു മുകളിലുള്ള ഡിസ്‌ക്ലെയ്മറില്‍ ക്ലിക്ക് ചെയ്താല്‍ ഫെയ്‌സ്ബുക് പരസ്യ ലൈബ്രറിയിലെത്തും. അവിടെ ഓരോ പരസ്യവും എത്ര നാള്‍ പ്രദര്‍ശിപ്പിക്കും, ഏതൊക്കെ പ്രായത്തിലുള്ള എത്ര പേര്‍ പരസ്യം കണ്ടു തുടങ്ങിയ വിശദാംശങ്ങളും ലഭിക്കും.

പുതിയ പരസ്യനയം ജനുവരി 21 മുതലാണ് ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരിക. ഇന്ത്യയിലെ തെരഞ്ഞെടുപ്പു പരസ്യങ്ങള്‍ മാര്‍ച്ച് മുതല്‍ പരസ്യ ലൈബ്രറിയില്‍ ലഭിക്കും. പരസ്യ ലൈബ്രറി സന്ദര്‍ശിക്കാന്‍ ഫെയ്‌സ്ബുക് അക്കൗണ്ട് ആവശ്യമില്ല. വിലാസം: facebook.com/ads/archive എന്ന ലിങ്കില്‍ കയറിയാല്‍ പരസ്യ ലൈബ്രറിയിലേക്ക് കയറാനാകും.

Exit mobile version