എന്റെ പോസ്റ്റിന് ഇത്രേം ലൈക്കേയുള്ളോ; ഇങ്ങനെ തോന്നുന്നെങ്കില്‍ ഉറപ്പിച്ചോളൂ നിങ്ങള്‍ അപകടത്തിലാണ് !

സ്വന്തം പ്രൊഫൈലിനെ മറ്റുള്ളവരുടേതുമായി താരതമ്യപ്പെടുത്തുമ്പോഴാണ് മിക്ക ആളുകളുടെയും മനസമാധാനം നഷ്ടപ്പെടുന്നത്

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ഫേസ്ബുക്ക് നോക്കിയില്ലെങ്കില്‍
എന്തോ ഒരു വല്ലായ്മയാണ് പലര്‍ക്കും. നോട്ടിഫിക്കേഷനുകള്‍ നോക്കി തലേന്നത്തെ പോസ്റ്റുകള്‍ക്ക് എത്ര ലൈക് കിട്ടി എന്ന് എണ്ണിത്തിട്ടപ്പെടുത്താതെ ഒരു മനസ്സമാധാനവും ഇല്ലാത്തവരുണ്ട്. ഇനി വിചാരിച്ച ലൈക്കുകള്‍ കിട്ടാതെ വന്നാല്‍ അന്നത്തെ ദിവസം തന്നെ പോക്കാണ്. ഇങ്ങനെ ഒരു ഫേസ്ബുക് അഡിക്റ്റാണോ നിങ്ങള്‍? എങ്കില്‍ ഈ സുപ്രധാന കണ്ടെത്തലുകള്‍ വായിക്കാതെ പോകരുത്. ഫേസ്ബുക് മായികലോകം നിങ്ങളുടെ മനസികാരോഗ്യത്തെയും ശരീരത്തെയും തന്നെ അപകടപ്പെടുത്തിയേക്കാം.

സ്വന്തം പ്രൊഫൈലിനെ മറ്റുള്ളവരുടേതുമായി താരതമ്യപ്പെടുത്തുമ്പോഴാണ് മിക്ക ആളുകളുടെയും മനസമാധാനം നഷ്ടപ്പെടുന്നത്. തന്റെ പ്രൊഫൈല്‍ മറ്റുള്ളവരെക്കാള്‍ മികച്ചതാണോ, മോശമാണോ, എഫ്ബി ലോകത്ത് തന്റെ സ്ഥാനം എന്ത് എന്നുള്ള ചിന്തകളാണ് എല്ലാവരെയും ആശങ്കപ്പെടുത്തുന്നത്.

മറ്റുള്ളവരെക്കാള്‍ ലൈക്ക് കുറഞ്ഞുപോയോ, പോസ്റ്റുകള്‍ മോശമായോ, ഫോട്ടോ കാണാന്‍ ഭംഗിയില്ലേ എന്നൊക്കെയുള്ള ആവലാതികളാണ് നിങ്ങളുടെ ആരോഗ്യത്തെ തകര്‍ക്കാന്‍ പോകുന്നത്. ഈ തലമുറയില്‍ മിക്കവാറും ആളുകളെയും പിരിമുറുക്കത്തിലാക്കുന്ന ഈ തോന്നലുകളെയാണ് സോഷ്യല്‍ കംപാരിസണ്‍ എന്ന് പറയുന്നത്. സോഷ്യന്‍ മീഡിയകളില്‍ ഇടപെടുന്നവരില്‍ എല്ലാവരും തന്നെ തങ്ങളുടെ പ്രൊഫൈലിനെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നവരാണ്.

ഹെലിയോണ്‍ ജേര്‍ണല്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് സോഷ്യന്‍ കോംപരിസണെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നത്. ഫേസ്ബുക്ക് തങ്ങളുടെ നിലനില്‍പ്പിന്റെ ഭാഗമാണെന്നു വിചാരിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ വളരെ അധികം വര്‍ധിച്ചിട്ടുണ്ട്. ഇക്കൂട്ടര്‍ നിരന്തരം തന്റെ പ്രൊഫൈലിനെ മറ്റുള്ളവരുമായി താരതമ്യം ചെയ്ത് പതിയെ വിഷാദത്തിലേക്കെത്തുന്നു.

തിരഞ്ഞെടുത്ത 165 പേരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടാണ് പഠനം നടത്തിയത്. ഇവരില്‍ ഭൂരിഭാഗം പേരും സ്ത്രീകള്‍ ആയിരുന്നു. ഈ ഗ്രൂപ്പില്‍ എല്ലാവരും തന്നെ തന്റെ ഫെസ്ബൂക് പ്രൊഫൈല്‍ സുഹൃത്തുക്കളുടേതുമായി താരതമ്യം ചെയ്യാറുള്ളവരും , വിചാരിച്ചത്ര റീച്ച് ലഭിക്കാത്തതില്‍ ആശങ്കപ്പെടുന്നവരുമാണ്. ഫേസ്ബുക് ഉപയോഗം, സമയം, വിഷാദം, സംതൃപ്തി, താരതമ്യത്തിന്റെ സ്വഭാവം ,ശാരീരികാരോഗ്യം, ആകുലത, തുടങ്ങിയ വിഷയങ്ങളെ അധികരിച്ചു തയ്യാറാക്കിയ ചോദ്യങ്ങളാണ് സര്‍വേയില്‍ ഉണ്ടായിരുന്നത്.

മറ്റുള്ളവരുടെ പ്രൊഫൈലുമായി തന്റേതിനെ താരതമ്യം ചെയ്യുന്നതിന് രണ്ട് തലങ്ങളുണ്ട്. ചിലര്‍ തങ്ങളുടെ പോസ്റ്റുകളും ഫോട്ടോകളും മറ്റുള്ളവരെക്കാള്‍ മികച്ചതാണെന്ന് കരുതുന്നു. വേറെ ചിലര്‍ തന്റെ ഫേസ്ബുക് സുഹൃത്തുക്കള്‍ തങ്ങളെക്കാള്‍ മികച്ചവരാണെന്നു ചിന്തിക്കുകയും ചെയ്യുന്നു.

ആദ്യ കൂട്ടര്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവരായതിനാല്‍ ഫേസ്ബുക് ഉപയോഗത്തിലൂടെ അവരുടെ മനോനിലയ്ക്ക് തകരാറൊന്നുമുണ്ടാകില്ലെന്നും , രണ്ടാമത്തെ കൂട്ടര്‍ ഫേസ്ബുക് ഉപയോഗം മൂലം നിരാശയിലായിപ്പോകും എന്നൊക്കെയായിരിക്കും സാമാന്യ ധാരണ. എന്നാല്‍ കാര്യങ്ങള്‍ ഇത്രയും ലളിതമല്ല. രണ്ട് കൂട്ടര്‍ക്കും ഭീകര മാനസികാരോഗ്യ പ്രശനങ്ങള്‍ ഉണ്ടയേക്കാമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

ഫേസ്ബുക്ക് ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന തോന്നലുകളെയും ഇവിടുന്നു കിട്ടുന്ന സന്ദേശങ്ങളെയും ഓരോ വ്യക്തിയും എങ്ങെനയാണ് വ്യാഖ്യാനിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് പ്രശനങ്ങള്‍ കിടക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത എല്ലാവരും തന്നെ തന്റെ ഫേസ്ബുക് ഇടപെടലുകളില്‍ ആത്മവിശ്വാസം ഉള്ളവരാണ്. എങ്കിലും നീണ്ട നേരത്തെ സൈബര്‍ മീഡിയ ഉപയോഗം ഇവരുടെ മാനസിക നിലയെ അസ്വസ്ഥതപ്പെടുത്താറുണ്ടെന്നാണ് പഠനം സ്ഥാപിക്കുന്നത്. ഈ മാനസികപ്രശനങ്ങള്‍ പിന്നീട് ശാരീരികാസ്വാസ്ഥ്യങ്ങളായി മാറുന്നതായി പലര്‍ക്കും അനുഭവം ഉണ്ട്.

ഫേസ്ബുക്കിന് ഇന്ന് മനുഷ്യ ജീവിതത്തില്‍ എടുത്തു പറയണ്ട സ്വാധീനമാണുള്ളത്. ജീവിത നിലവാരത്തെയും ചിന്തകളെയും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെയും തന്നെ ഫേസ്ബുക്കിന് മാറ്റിമറിക്കാനാകുന്നുണ്ട്. അമിതമായി ഫേസ്ബുക് ഉപയോഗിക്കുന്നവര്‍ക്ക് അവരവരുടെ ശാരീരികാവസ്ഥകളെക്കുറിച്ചും പരിമിതികളെക്കുറിച്ചും നല്ല ധാരണയുണ്ടെന്നും വേണ്ട രീതിയില്‍ അവര്‍ തന്നെ ഇടപെട്ട് താരതമ്യവും ഡിപ്രഷനും ഒഴിവാക്കുകയാണ് വേണ്ടതെന്നും പഠനതലവന്‍ ബ്രിഡ്ജറ്റ് ഡിപ് നിര്‍ദേശിക്കുന്നുണ്ട്.

Exit mobile version