ചുരുട്ടി വെക്കാവുന്ന ടിവിയുമായി എല്‍ജി വരുന്നൂ

നേര്‍ത്ത ഓലെഡ് ഡിസ്പ്ലെയാണ് ഉപയോഗിച്ചിരിക്കുന്നത്

ചുരുട്ടി മടക്കി വെക്കാവുന്ന ടിവിയുമായി എല്‍ജി. 2019ലെ കണ്‍സ്യുമര്‍ ഇലക്ട്രോണിക്സ് ഷോയിലാണ് ടിവി പ്രദര്‍ശിപ്പിച്ചത്. പക്ഷേ സ്മാര്‍ട്ട്ഫോണ്‍ പോലെ മടക്കി കൊണ്ടുനടക്കാനാവില്ലെന്ന് മാത്രം.ടിവി സ്റ്റാന്‍ഡ് പോലുള്ള ഒരു പ്രത്യേക ബോക്സിനകത്തേക്ക് ചുരുണ്ടുപോകുന്നതാണ് സാങ്കേതിക വിദ്യ. ഒരു ബട്ടണ്‍ പ്രസ് ചെയ്താല്‍ ബോക്സില്‍ നിന്ന് ടി.വി നിവര്‍ന്ന് വരികയും ചെയ്യും. അധികം വലുപ്പമില്ലാത്ത ഒരു ദീര്‍ഘചതുരാകൃതിയിലുള്ള പെട്ടിയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. 65 ഇഞ്ചാണ് ടിവിയുടെ സ്‌ക്രീന്‍ വലുപ്പം.

നേര്‍ത്ത ഓലെഡ് ഡിസ്പ്ലെയാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ എച്ച്.ഡി മികവോടെയുള്ള ദൃശ്യങ്ങള്‍ കാണാം. ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുന്ന ടി.വിക്ക് വന്‍ വില കൊടുക്കേണ്ടി വരും. ഏകദേശം 50,000 മുതല്‍ ഒരു ലക്ഷം വരെയാവും വില എന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റു ടിവികളില്‍ നിന്ന് അപേക്ഷിച്ച് ഒത്തിരി പ്രത്യേകതകളും ഈ മടക്കി, ചുരുട്ടി വെക്കാവുന്ന ടി.വിക്കുണ്ടാവും. പുതിയൊരു അനുഭവമായിരിക്കും ഉപഭോക്താക്കള്‍ക്ക് ലഭിക്കുക എന്ന് കമ്പനി അവകാശപ്പെടുന്നു.

Exit mobile version