ഫോണില്‍ പഴയ ഓപ്പറേറ്റിങ് സിസ്റ്റമാണെങ്കില്‍ വേഗം അപ്‌ഗ്രേഡ് ചെയ്‌തോളൂ; ഡിസംബര്‍ 31നു ശേഷം വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല

ആന്‍ഡ്രോയ്ഡ് പതിപ്പിനൊപ്പം തന്നെ ആപ്പിളിന്റെ പഴയ മോഡല്‍ ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്

ഈ വര്‍ഷം അവസാനത്തോടെ നോക്കിയ എസ്40 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭ്യമാകില്ല. നേരത്തെ, വിന്‍ഡോസ് ഫോണ്‍ 8.0, ബ്ലാക്‌ബെറി ഒ.എസ്, ബ്ലാക്‌ബെറി 10 ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനം 2017 ഡിസംബര്‍ 31ന് അവസാനിപ്പിച്ചിരുന്നു.

വാട്‌സ്ആപ്പ് വികസിപ്പിക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത പ്ലാറ്റ്‌ഫോമുകളിലാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ആന്‍ഡ്രോയ്ഡ് 4.0 മുതലുള്ളതും ഐഒഎസ് 7ന് ശേഷമുള്ളതും, വിന്‍ഡോസ് 8.1 ന് ശേഷമുള്ളതുമായ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ അപ്‌ഗ്രേഡ് ചെയ്യുകയോ ഫോണുകള്‍ മാറ്റി ഉപയോഗിക്കുകയോ ചെയ്യണമെന്നാണ് വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് കമ്പനി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആന്‍ഡ്രോയ്ഡ് പതിപ്പിനൊപ്പം തന്നെ ആപ്പിളിന്റെ പഴയ മോഡല്‍ ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഐഒഎസ് 7, അതിലും പഴയ വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ഡിവൈസുകളിലാണ് വാട്‌സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.

സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് വാട്‌സ്ആപ്പ് അധികൃതര്‍ അറിയിച്ചു. അതേസമയം ഐഒഎസ് സെവന്‍ വേര്‍ഷനില്‍ ഏറ്റവും പുതിയതായ ഐഒഎസ് 7.1.2ല്‍ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ഫോണുകളില്‍ 2020 ഫെബ്രുവരി ഒന്നുവരെ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും.

പുതിയൊരു അക്കൗണ്ടിന് രൂപം നല്‍കുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ ഇക്കാലയളവില്‍ ചെയ്യാന്‍ സാധിക്കില്ല. ഇതിന് പുറമേ ഐഒഎസ് സിക്‌സും അതില്‍ താഴെയുളള പഴയ വേര്‍ഷനുകളിലും പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ലെന്നും കമ്പനി അറിയിച്ചു. പഴയ ഐഫോണുകളില്‍ ആപ്പ് നല്‍കിവരുന്ന പല പുതിയ ഫീച്ചറുകളും, അപ്‌ഡേറ്റുകളും തുടര്‍ന്ന് ലഭിക്കുകയുമില്ല.

നിലവിലെ പല ഫീച്ചറുകളും പ്രവര്‍ത്തനം അവസാനിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. നോക്കിയ സിംബിയന്‍ എസ്60, ബ്ലാക്‌ബെറി ഒഎസ്, വിന്‍ഡോസ് ഫോണ്‍ 8.0 എന്നിവയ്ക്ക് പുറമെ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ 3.3.7 എന്നവയിലും വാട്‌സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

2014 ഫെബ്രുവരി 19നാണ് 1900 കോടി ഡോളറിന് അന്ന് 45 കോടി അംഗങ്ങളുണ്ടായിരുന്ന വാട്‌സ്ആപ്പിനെ ഫേസ്ബുക്ക് ഏറ്റെടുത്തത്. ഫേസ്ബുക്കുമായി കൂടിച്ചേര്‍ന്നതിന് പിന്നാലെ വാട്‌സ്ആപ്പ് ഉപഭോക്താക്കളുടെ എണ്ണം ഇരട്ടിയായി. 100 കോടി സജീവ ഉപഭോക്താക്കളാണ് ഇപ്പോഴുള്ളത്.

Exit mobile version