ദശലക്ഷക്കണക്കിന് ക്ലബ് ഹൗസ് ഉപയോക്താക്കളുടെ മൊബൈല്‍ നമ്പറുകള്‍ ഡാര്‍ക് വെബില്‍ വില്‍പ്പനയ്ക്ക്

ന്യൂഡല്‍ഹി: ജനപ്രിയ ഓഡിയോ ആപ്പായ ക്ലബ് ഹൗസിലെ ഉപയോക്താക്കളുടെ മൊബൈല്‍ നമ്പറുകള്‍ ഡാര്‍ക് വെബില്‍ വില്‍പ്പനയ്ക്ക്. ദശലക്ഷക്കണക്കിന് നമ്പറുകള്‍ വില്‍പ്പനയ്ക്ക് വച്ചു എന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധനായ ജിതന്‍ ജെയ്ന്‍ ട്വീറ്റ് ചെയ്തത്. 3.8 ബില്യണ്‍ നമ്പറുകള്‍ വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ടെന്നാണ് ട്വീറ്റ്.

ഉപയോക്താക്കളുടെ കോണ്‍ടാക്ട് പട്ടികയില്‍ ബന്ധപ്പെടുത്തി വച്ച നമ്പറുകളും വില്‍പ്പനയ്ക്കുണ്ട്. അഥവാ, ക്ലബ് ഹൗസില്‍ ഇതുവരെ ലോഗിന്‍ ചെയ്തിട്ടില്ലെങ്കിലും നമ്പര്‍ പുറത്തുപോകാന്‍ സാധ്യതയുണ്ട്. സംഭവത്തില്‍ ആപ്ലിക്കേഷന്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

പേരുകളില്ലാതെ നമ്പറുകള്‍ മാത്രമാണ് വില്‍പ്പനയ്ക്ക് വച്ചതെന്ന് സ്വതന്ത്ര സൈബര്‍ സുരക്ഷാ ഗവേഷകനായ രാജശേഖര്‍ രജഹാരിയ വെളിപ്പെടുത്തി. പേരോ, ചിത്രമോ മറ്റു വിശദാംശങ്ങളോ ലഭ്യമല്ല. ഡാറ്റ ചോര്‍ന്നതായുള്ള അവകാശ വാദം വ്യാജമാണെന്നാണ് തോന്നിയത്- അദ്ദേഹം പറഞ്ഞു.

ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് സര്‍ക്കാറിന് കമ്പനി ചോര്‍ത്തി നല്‍കുന്നുണ്ടെന്ന് ഫെബ്രുവരിയില്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ഗവേഷകര്‍ ആരോപിച്ചിരുന്നു. ക്ലബ് ഹൗസ് ആപ്പിന്റെ ബാക്കെന്‍ഡ് അടിസ്ഥാന സൗകര്യം ചെയ്യുന്നത് ഷാങ്ഹായ് ആസ്ഥാനമായ അഗോറയാണ് എന്നും ഗവേഷകര്‍ വ്യക്തമാക്കിയിരുന്നു.

ഇതുവരെ ബീറ്റ വേര്‍ഷനായി പ്രവര്‍ത്തിച്ചിരുന്ന ക്ലബ് ഹൗസ് ഈയിടെയാണ് എല്ലാവര്‍ക്കും ലഭ്യമായത്. വെയ്റ്റ്ലിസ്റ്റ് സംവിധാനം അവസാനിപ്പിച്ചതായും കമ്പനി അറിയിച്ചിരുന്നു. മെയ് മധ്യത്തില്‍ ആന്‍ഡ്രോയിഡില്‍ അവതരിപ്പിച്ച ക്ലബ് ഹൗസിന് ഇന്ത്യയില്‍ അഞ്ചു ദശലക്ഷം ഉപയോക്താക്കള്‍ ഉണ്ട് എന്നാണ് കണക്ക്. ഇതില്‍ രണ്ടു ദശലക്ഷത്തിലേറെ പേര്‍ സജീവ ഉപയോക്താക്കളാണ്.

Exit mobile version