ഫേസ് ബുക്ക് ഇനി നിങ്ങളുടെ ലൊക്കേഷനും പ്രവചിക്കും…!

ഫേസ്ബുക്കിന്റെ ഇത്തരം പ്രവചനങ്ങള്‍ക്ക് നിങ്ങള്‍ ഓണ്‍ലൈന്‍ ആവണമെന്നു പോലും ആവശ്യമില്ല

ഉപയോക്താക്കളുടെ ലൊക്കേഷന്‍ പ്രവചിക്കാനൊരുങ്ങി ഫേസ്ബുക്ക്. ഫേസ്ബുക്ക് അനുമതിക്കായി സമര്‍പ്പിച്ച ഒരുപിടി പകര്‍പ്പവകാശങ്ങളാണ് ഇത്തരമൊരു സാങ്കേതികവിദ്യ വൈകാതെ വരുമെന്ന സൂചന നല്‍കുന്നത്. ഫേസ്ബുക്കിന്റെ ഇത്തരം പ്രവചനങ്ങള്‍ക്ക് നിങ്ങള്‍ ഓണ്‍ലൈന്‍ ആവണമെന്നു പോലും ആവശ്യമില്ല.

2017 മെയ് മാസത്തില്‍ ഫേസ്ബുക്ക് സമര്‍പ്പിച്ച പകര്‍പ്പവകാശ അപേക്ഷകളിലാണ് നിങ്ങള്‍ പോകുന്ന സ്ഥലം പ്രവചിക്കുമെന്ന സാങ്കേതികവിദ്യയുമുള്ളത്. നിങ്ങള്‍ പോകുന്ന സ്ഥലം പ്രവചിക്കുന്നതിനായി സുഹൃത്തുക്കളുടെ കൂടി ലൊക്കേഷന്‍ വിവരങ്ങള്‍ ഫേസ്ബുക്ക് ഉപയോഗിക്കും. ഓഫ്ലൈന്‍ ട്രാജെക്ടറീസ് എന്നാണ് ഈ സാങ്കേതികവിദ്യക്ക് ഫേസ്ബുക്ക് പേരിട്ടിരിക്കുന്നതെന്ന് ബസ്സ്ഫീഡ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

നേരത്തെ ലോഗിന്‍ ചെയ്ത് ലൊക്കേഷനുകളും നിലവിലെ ലൊക്കേഷന്‍ വിവരങ്ങളും കൂടാതെ ഇതേ ലൊക്കേഷനിലുള്ള മറ്റുള്ളവരുടെ വിവരങ്ങളും ഇത്തരത്തിലുള്ള പ്രവചനത്തിനുപയോഗിക്കും. അതിനൊപ്പം ഫേസ്ബുക്ക് ഉപയോക്താക്കളുടെ സുഹൃത്തുക്കളുടെ ലൊക്കേഷന്‍ വിവരങ്ങളും നിര്‍മ്മിത ബുദ്ധിയുടെ സഹായത്തില്‍ ഉപയോഗിച്ചാണ് നിങ്ങള്‍ പോകുന്ന സ്ഥലം കണക്കുകൂട്ടുക.

നിങ്ങളുടെ ലൊക്കേഷന്‍ വിവരങ്ങളുടേയും നിങ്ങളുടെ സുഹൃത്തുക്കളുടെ ലൊക്കേഷന്‍ വിവരങ്ങളും മാത്രമല്ല ഫേസ്ബുക്ക് ശേഖരിക്കുക. നിങ്ങള്‍ക്ക് നേരിട്ട് പരിചയമില്ലാത്തവരും എന്നാല്‍ നിങ്ങള്‍ പോകുന്ന സ്ഥലങ്ങളിലുള്ളവരുടേയും ലൊക്കേഷന്‍ വിവരങ്ങള്‍ ഫേസ്ബുക്ക് ഉപയോഗിക്കും. ഇതുപ്രകാരം സമാന സ്വഭാവവും രീതികളുമുള്ളവരെ കണ്ടെത്താനും ഫേസ്ബുക്കിനാകും. വെറുതെ ലൊക്കേഷന്‍ പ്രവചനം മാത്രമല്ല ഇതുവഴി ഓരോരുത്തര്‍ക്കും ഏറ്റവും അനുയോജ്യമായ പരസ്യങ്ങളും മറ്റും ഫേസ്ബുക്ക് നിങ്ങളുടെ മുന്നിലെത്തിക്കും.

ഏതെല്ലാം സ്ഥലങ്ങളില്‍ ഏതെല്ലാം പ്രായക്കാരും വിഭാഗക്കാരും സന്ദര്‍ശിക്കുന്നുവെന്നും ഇവിടങ്ങളില്‍ ഏത് സമയത്താണ് തിരക്ക് അനുഭവപ്പെടുന്നതെന്നും തുടങ്ങി നിരവധി വിവരങ്ങള്‍ ഫേസ്ബുക്ക് രേഖപ്പെടുത്തുന്നുണ്ട്. വ്യക്തികളെ മാത്രമല്ല സമാന സ്വഭാവവും രീതികളുമുള്ള വ്യക്തികളുടെ കൂട്ടങ്ങളേയും ഫേസ്ബുക്ക് ഇതുവഴി സൃഷ്ടിക്കും. അത് ഫേസ്ബുക്കിന്റെ പരസ്യങ്ങള്‍ കാണിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തികളെ കൂടുതല്‍ എളുപ്പത്തിലാക്കുകയും ചെയ്യും. ചുരുക്കത്തില്‍ നിങ്ങളേക്കാള്‍ കൂടുതല്‍ നിങ്ങളെ ഫേസ്ബുക്ക് മനസിലാക്കുമെന്നാണ് ഈ പേറ്റന്റ് അപേക്ഷകള്‍ വ്യക്തമാക്കുന്നത്.

Exit mobile version