വ്യാജ സന്ദേശം നിയന്ത്രിക്കാനൊരുങ്ങി വാട്ട്‌സ്ആപ്പ്; ഒരേസമയം ഇനി ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് സന്ദേശം ഫോര്‍വേഡ് ചെയ്യാന്‍ പറ്റില്ല

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ തടയുന്നതിന്റെ ഭാഗമായി ഫോര്‍വേഡ് സന്ദേശങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി വാട്ട്‌സ്ആപ്പ്. ഇത് പ്രകാരം ഒരേ സമയം ഒരാള്‍ക്ക് മാത്രമേ ഇനി മുതല്‍ സന്ദേശം അയക്കാന്‍ കഴിയുകയുള്ളു. അഞ്ച് പേര്‍ക്ക് വരെ ഒരു സന്ദേശം ഫോര്‍വേഡ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന നിലവിലുള്ള ഫീച്ചറിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

കൊവിഡ് ജാഗ്രതയുടെ ഭാഗമായി ആളുകള്‍ എല്ലാവരും വീടുകളില്‍ തന്നെയാണ്. ഈ സമയത്ത് ഫോര്‍വേര്‍ഡ് സന്ദേശങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരുന്നു. ഫോര്‍വേഡ് സന്ദേശങ്ങളുടെ അളവ് കുത്തനെ കൂടിയത് കൊവിഡുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത പ്രചരിക്കുന്നതിനും കാരണമാകുന്നുണ്ട്. ഇതിനാലാണ് നിയന്ത്രണം കൊണ്ടുവന്നതെന്നാണ് വാട്ട്‌സ് ആപ്പ് വ്യക്തമാക്കുന്നത്.

അത് കൂടാതെ കൈമാറിയ സന്ദേശങ്ങള്‍ ഓണ്‍ലൈനായി പരിശോധിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതിനുള്ള ഒരു ഫീച്ചറും വാട്ട്‌സ്ആപ്പ് നല്‍കുന്നുണ്ട്. സേര്‍ച്ച് മെസേജ് ഓണ്‍ ദി വെബ് എന്ന ഫീച്ചറിലൂടെയാണ്, തങ്ങളുടെ പ്ലാറ്റ്‌ഫോമിലെ വ്യാജ വാര്‍ത്തകളും കിംവദന്തികളും പരിഹരിക്കാന്‍ വാട്‌സ് ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്.

Exit mobile version