അടിമുടി മാറ്റത്തോടെ പുത്തന്‍ ടിഗോര്‍ വിപണിയില്‍; സെഡാന്‍ വിപണിയില്‍ മത്സരം ഉറപ്പാക്കാന്‍ ടാറ്റയും

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ടിഗോറിന്റെ പുത്തന്‍ അവതാരമായ രണ്ടാം തലമുറ ടിഗോര്‍ വിപണിയിലെത്തിയത്.

ടാറ്റ രണ്ടാം തലമുറ ടിഗോര്‍ വിപണിയിലെത്തിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ടിഗോറിന്റെ പുത്തന്‍ അവതാരമായ രണ്ടാം തലമുറ ടിഗോര്‍ വിപണിയിലെത്തിയത്. കെട്ടിലും മട്ടിലും ഏറെ മാറ്റങ്ങളുമായാണ് രണ്ടാം തലമുറ ടിഗോര്‍ നിരത്തിലെത്തുന്നത്. ടിഗോറില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താനൊരുങ്ങുന്നു എന്ന് പറഞ്ഞ ടാറ്റ, മുന്‍ മോഡലിനെക്കാള്‍ കൂടുതല്‍ സ്റ്റൈലിഷായാണ് ടിഗോറിന്റെ രണ്ടാം പതിപ്പിനെ അവതരിപ്പിച്ചിരിക്കുന്നത്.

ക്രോമിയം ഫിനീഷിങ് നല്‍കിയിരിക്കുന്ന പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, ഗ്രില്ലില്‍ നല്‍കിയിരിക്കുന്ന പെയിന്റ് ഷെയ്ഡ്, എയര്‍ഡാമിലും ഫോഗ് ലാമ്പിന് ചുറ്റിലും ക്രോമിയം ലൈനുകള്‍ നല്‍കിയുമാണ് മുന്‍വശത്തെ അലങ്കരിച്ചിരിക്കുന്നത്.

ടീസറില്‍ നല്‍കിരുന്നത് പോലെ ക്ലീയര്‍ ലെന്‍സ് ടെയില്‍ ലാമ്പാണ് ടിഗോറില്‍ നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ, ടിഗോര്‍ ശ്രേണിയിലേക്ക് നീല നിറത്തിലുള്ള വാഹനത്തെ കൂടി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്റീരിയറില്‍ പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയതാണ് പുതുമ. ഇവയ്ക്ക് പുറമെ, പുതിയ ഡിസൈനിലുള്ള അലോയി വീല്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന എന്നിവയും പുതിയ ടിഗോറിലെ മാറ്റങ്ങളാണ്.

1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ എന്‍ജിനിലും 1.1 ലിറ്റര്‍ റെവോടോര്‍ക് ഡീസല്‍ എന്‍ജിനിലുമാണ് ടിഗോര്‍ എത്തിയിരിക്കുന്നത്. ഡീസല്‍ മോഡല്‍ 1047 സിസിയില്‍ 70 പിഎസ് പവറും 140 എന്‍എം ടോര്‍ക്കും, പെട്രോള്‍ മോഡല്‍ 85 പിഎസ് പവറും 114 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. പുതുതായി നിരത്തിലെത്തുന്ന ടിഗോറിന്റെ പെട്രോള്‍ മോഡലുകള്‍ക്ക് 4.84 ലക്ഷം മുതല്‍ 6.48 ലക്ഷം വരെയും ഡീസല്‍ മോഡലുകള്‍ക്ക് 5.73 മുതല്‍ 7.19 ലക്ഷം രൂപ വരെയുമാണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില.

Exit mobile version