ഉറ്റവരും ഉടയവരുമില്ലാതെ ഒറ്റപ്പെട്ടുപോയവര്‍ക്ക് അഭയകേന്ദ്രമൊരുക്കി ഒരു മനുഷ്യസ്‌നേഹി..! സ്വന്തം കിടപ്പാടം മറ്റുള്ളവര്‍ക്ക് തലചായ്ക്കാനുള്ള ഇടമാക്കിയ അഗസ്റ്റിന്‍ ചേട്ടന്റെ കഥ ഇങ്ങനെ…

കാസര്‍കോട്: കാസര്‍കോടുള്ള ലൗ ആന്റ് കെയര്‍ എന്ന സ്ഥാപനം ഇന്ന് നിരവധി അന്തേവാസികള്‍ക്ക് തലചായ്ക്കാനുള്ള ഇടമാണ്. എന്നാല്‍ ഒരു വീട് നിരവധിപേര്‍ക്ക് താമസിക്കാനുള്ള ഇടമായത് എങ്ങനെ.. ഉറ്റവരും ഉടയവരുമില്ലാതെ ഒറ്റപ്പെട്ടുപോയവര്‍ക്ക് സ്വന്തം വീട്ടില്‍ അഭയകേന്ദ്രമൊരുക്കിയ ഒരു മനുഷ്യസ്‌നേഹിയെ ഇനി പരിചയപ്പെടാം.

കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി കെഎ അഗസ്റ്റിനാണ് ഈ കഥയിലെ താരം. സ്വന്തം വീടും സ്ഥലവും അശരണര്‍ക്ക് തണലൊരുക്കാന്‍ വിട്ടു നല്‍കി ഈ നല്ല മലസിനുടമ. ഗാന്ധിഭവന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. വെള്ളരിക്കുണ്ടില്‍ നിന്നും കൊന്നക്കാട്ടേയ്ക്കുള്ള യാത്രയില്‍ മങ്കയത്തെത്തുമ്പോള്‍ പാതയോരത്ത് ലൗ ആന്റ് കെയര്‍ എന്ന ബോര്‍ഡുകാണാം. മണ്‍വഴിയിലൂടെ അല്‍പം മുകളിലേയ്ക്കു നടന്നാല്‍ ഒരു ഇരുനിലവീടിന് മുന്നിലെത്തും. വാതില്‍ക്കല്‍ ആലംബഹീനരുടെ അഭയകേന്ദ്രം എന്ന് എഴുതിയിരിക്കുന്നു. അകത്തേയ്ക്കു പ്രവേശിച്ചാല്‍ വിവിധ മതങ്ങളുടെ പ്രാര്‍ഥന ഗീതങ്ങള്‍ കാതുകളിലേയ്ക്ക് ഒഴുകിയെത്തും.

എന്നാല്‍ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍ കണ്ണിനെ ഈറനണിയിക്കുന്ന കാഴ്ചയാണ് മുന്നില്‍. ഈ അശരണരെ പോലെ തന്നെ ഒറ്റപ്പെട്ടുപോയ വീടാണ് അഗസ്റ്റിന്റെത്. ഈ വീട്ടില്‍ തനിച്ചായിപ്പോള്‍ അഗസ്റ്റിന്‍ ചേട്ടന്‍ എടുത്ത വലിയൊരു തീരുമാനമാണ് ലൗ ആന്റ് കെയര്‍ എന്ന സ്ഥാപനം. വീടും പുരയിടവും അനാഥര്‍ക്കു നല്‍കണമെന്ന തീരുമാനമാണ് പത്തനാപുരത്തുള്ള ഗാന്ധിഭവനുമായി ബന്ധപ്പെടുത്തിയത്. ഇപ്പോള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പന്ത്രണ്ട് അന്തേവാസികളുണ്ട് ഇവിടെ. ആകെ ഇരുപതുപേരെ താമസിപ്പിക്കാനുള്ള സൗകര്യമുണ്ട്. സ്ഥാപനത്തിന്റെ വികസനം ചര്‍ച്ചയാകുമ്പോള്‍ പരിസ്ഥിതിയെ വേദനപ്പിക്കാതെ വേണമെന്നൊരപേക്ഷ മാത്രമാണ് അഗസ്റ്റിന്‍ ചേട്ടനുള്ളത്.

Exit mobile version