നിരോധിത മരുന്ന്: പൃഥ്വി ഷായ്ക്ക് ബിസിസിഐ എട്ട് മാസം വിലക്കേര്‍പ്പെടുത്തി

മുംബൈ: നിരോധിത മരുന്ന് ഉപയോഗിച്ചതിന് ഇന്ത്യന്‍ യുവക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്ക് ബിസിസിഐ എട്ട് മാസത്തേക്ക് വിലക്കേര്‍പ്പെടുത്തി. മുന്‍കാല പ്രാബല്യത്തോടെയുള്ള വിലക്ക് നവംബര്‍ 15-ന് അവസാനിക്കും.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്‍ഡോറില്‍ വച്ചു നടന്ന സെയ്ദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിനിടെ താരത്തിന്റെ പക്കല്‍ നിന്നും ശേഖരിച്ച മൂത്ര സാംപിളില്‍ നിരോധിത പട്ടികയില്‍പ്പെടുന്ന മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഉത്തേജക നിരോധനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) നടത്തുന്ന പതിവു പരിശോധനയിലാണ് 19കാരനായ പൃഥ്വി ഷാ കുടുങ്ങിയത്. പൃഥ്വിയുടെ സാംപിളില്‍ നിരോധിത പദാര്‍ത്ഥമായ ടെര്‍ബ്യൂട്ടാലിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. ഇത് ലോക ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സിയായ വാഡ (WADA) കായിക താരങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ പദാര്‍ത്ഥങ്ങളുടെ പട്ടികയിലുള്ളതാണ്.

അതിനിടെ, ടെര്‍ബ്യൂട്ടാലിന്‍ കഫ് സിറപ്പില്‍ ഉള്‍പ്പെടുന്ന പദാര്‍ഥമാണെന്നും ഇതു കായിക താരങ്ങള്‍ക്ക് നിരോധിച്ചിരുന്നതാണെന്ന് അറിയില്ലായിരുന്നെന്നും പൃഥ്വി ഷായുടെ വിശദീകരണത്തില്‍ ബിസിസിഐ തൃപ്തി രേഖപ്പെടുത്തി. ഇതു പ്രകടനം മെച്ചപ്പെടുത്താന്‍ വേണ്ടി താരം മനഃപൂര്‍വം ഉപയോഗിച്ചതല്ലെന്ന നിഗമനത്തിലും എത്തിയതിനെ തുടര്‍ന്നാണ് താരത്തിന്റെ സസ്‌പെന്‍ഷന്‍ കാലയളവ് മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. ഇതോടെ എട്ടു മാസത്തെ സസ്‌പെന്‍ഷന്‍ കാലയളവ് ഫലത്തില്‍ മൂന്നരമാസമായി ചുരുങ്ങിക്കിട്ടി.

നിരോധിത ഘടകം ഉള്‍പ്പെട്ട കഫ് സിറപ്പ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കായി കളിക്കുന്നതിനിടെ കടുത്ത ചുമയും ജലദോഷവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിച്ചതാണെന്ന് ഷാ വിശദീകരിച്ചു.” ഓസീസിനെതിരായ പരമ്പരയ്ക്കിടെ കാലിനേറ്റ പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചുവരവിന് ഒരുങ്ങുകയായിരുന്നു ഞാന്‍. വീണ്ടും കളിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ട് മരുന്ന് കഴിക്കാനുള്ള പ്രോട്ടോകോള്‍ പാലിക്കാന്‍ എനിക്കായില്ല. എന്റെ വിധി ഞാന്‍ ആത്മാര്‍ഥതയോടെ സ്വീകരിക്കുന്നു”, ഷാ പറഞ്ഞു.

Exit mobile version