11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ആരാധകരുടെ

ക്വലാലംപൂര്‍: ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ആരാധകരുടെ, റണ്‍മഴ പ്രതീക്ഷിച്ച കാണികള്‍ക്ക് മുന്നില്‍ നടന്നത് 20 റണ്‍സില്‍ മത്സരം അവസാനിച്ച കാഴ്ചയായിരുന്നു. സ്‌കൂള്‍ കുട്ടികളുടെ ക്രിക്കറ്റല്ല, ഐസിസിയുടെ ലോക ട്വന്റി-ട്വന്റി മേഖലാ റൗണ്ട് മത്സരത്തിലാണ് ഈ അത്ഭുത കളി. മത്സരത്തില്‍ ആകെ ഏറിഞ്ഞത് 11.5 ഓവര്‍, വീണത് 10 വിക്കറ്റ്, ഇരു ടീമുകളും കൂടി നേടിയതോ വെറും 20റണ്‍സും.

മലേഷ്യയില്‍ നടക്കുന്ന ഐസിസി ലോക ട്വന്റി-ട്വന്റി ഏഷ്യന്‍ മേഖലാ യോഗ്യതാ മല്‍സരത്തില്‍ ആതിഥേയരായ മലേഷ്യയും മ്യാന്‍മറും തമ്മില്‍ നടന്ന മല്‍സരത്തിലാണ് റണ്‍മഴയ്ക്ക് പകരം വിക്കറ്റ് മഴ പെയ്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മ്യാന്‍മറിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആദ്യ മൂന്ന് പന്തില്‍ തന്നെ മ്യാന്‍മറിന് രണ്ട് വിക്കറ്റ് നഷ്ടമായി. പിന്നീട് യഥാര്‍ത്ഥ മഴയെത്തിയതോടെ മ്യാന്‍മറിന്റെ ഇന്നിങ്ങ്‌സ് 10.1 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ഒന്‍പതു റണ്‍സിന് അവസാനിച്ചു.

നാല് ഓവറില്‍ ഒരു റണ്‍ മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ പവന്‍ദീപ് സിങ്ങാണ് മ്യാന്‍മറിനെ തകര്‍ത്തത്.

പവന്റെ നാലില്‍ മൂന്ന് ഓവറും മെയ്ഡന്‍ ആയിരുന്നു. മ്യാന്‍മര്‍ നിരയില്‍ ആറു പേരാണ് പൂജ്യത്തിനു പുറത്തായത്. 3 എക്‌സ്ട്രാ റണ്‍സും കോ ഓങ്ങുമാണ് ടോപ് സ്‌കോറര്‍മര്‍. 12 പന്തില്‍നിന്നാണ് കോ ഓങ്ങ് മൂന്നു റണ്‍സെടുത്തത്.

ക്യാപ്റ്റന്‍ ലിന്‍ ഓങ് 17 പന്തില്‍ രണ്ടു റണ്‍സെടുത്തപ്പോള്‍, അക്കൗണ്ട് തുറന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനായ ലിന്‍ ഊ ഏഴു പന്തില്‍ ഒരു റണ്ണെടുത്തു. മഴമാറിയതോടെ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം അമ്പയര്‍മാര്‍ മലേഷ്യയുടെ വിജയലക്ഷ്യം എട്ട് ഓവറില്‍ ആറു റണ്‍സായി പുനര്‍നിര്‍ണയിച്ചു.

പക്ഷേ മലേഷ്യയ്ക്കും തുടക്കം പിഴച്ചു. ആദ്യ ഓവറില്‍ത്തന്നെ ഓപ്പണര്‍മാര്‍ സംപൂജ്യരായി പുറത്ത്. നേരിട്ട മൂന്നാം പന്ത് സിക്‌സിനു പറത്തി സുഹാന്‍ അലഗരത്‌നമാണ് ടീമിനെ വിജയത്തിലെത്തിച്ചത്.

Exit mobile version