വിബിംള്‍ഡണില്‍ ക്ലാസിക് പോരാട്ടം; സെമിയില്‍ ഏറ്റുമുട്ടാന്‍ നദാലും ഫെഡററും

വിംബിള്‍ഡണ്‍: ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണമെന്റിന് പിന്നാലെ വിംബിള്‍ഡണ്‍ സെമി ഫൈനലിലും റോജര്‍ ഫെഡറര്‍-റാഫേല്‍ നദാല്‍ പോരാട്ടം. വിംബിള്‍ഡണില്‍ 2008ന് ശേഷം ആദ്യമായാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. കരിയറില്‍ ഇരു താരങ്ങളും നേര്‍ക്കുനേര്‍ വരുന്നത് ഇത് 40ാം തവണയാണ്. ഗ്രാന്റ് സ്ലാം കിരീടപോരില്‍ ഇത് 14ാം തവണയും ഫെഡററും നദാലും നേര്‍ക്കുനേര്‍ വരുന്നത്.വിംബിള്‍ഡണ്‍ ചരിത്രത്തിലാകട്ടെ നാലാം തവണയും. മുമ്പ് വിംബിള്‍ഡണില്‍ ഏറ്റുമുട്ടിയപ്പോള്‍ 2 വിജയം ഫെഡററിനൊപ്പവും ഒരു തവണ വിജയം നദാലിനൊപ്പവും നിന്നു.

വിംബിള്‍ഡണിലെ നൂറാം ജയം നേടി, നിഷികേരിയെ പരാജയപ്പെടുത്തിയാണ് ഫെഡററിന്റെ വരവ്. സാ ക്യൂറോയെ തോല്‍പ്പിച്ചാണ് നദാലിന്റെ സെമി പ്രവേശനം.

ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. ഒന്‍പതാം കിരീടമാണ് ഫെഡററുടെ ലക്ഷ്യം. നദാല്‍ രണ്ടു തവണ ചാമ്പ്യനായിട്ടുണ്ട്. സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചും സ്പാനിഷ് താരം റോബര്‍ട്ടോ ബാറ്റിസ്റ്റയും തമ്മിലാണ് മറ്റൊരു സെമി.

Exit mobile version