പൂരാന്റെ സെഞ്ചുറി കരുത്തില്‍ വിന്‍ഡീസ് പൊരുതി, ശ്രീലങ്കയ്ക്ക് 23 റണ്‍സ് ജയം

ലണ്ടന്‍: ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് മുന്നില്‍ കീഴടങ്ങി വെസ്റ്റിന്‍ഡീസ്. ശ്രീലങ്കയ്ക്ക് 23 റണ്‍സ് ജയം. 339 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സെടുക്കാനായുള്ളൂ.

നിക്കോളാസ് പൂരാന്‍ 103 പന്തില്‍ 118 റണ്‍സെടുത്തു. നാല് സിക്‌സും 11 ഫോറും അടങ്ങിയതായിരുന്നു പൂരാന്റെ ഇന്നിങ്‌സ്. ശ്രീലങ്കയ്ക്ക് വേണ്ടി ലസിത് മലിംഗ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കസുന്‍ രജിത, ജെഫ്രി വാന്‍ഡേര്‍സി, ആഞ്ചെലോ മാത്യുസ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ സുനില്‍ ആംബ്രിസിനെ നഷ്ടമായി. അഞ്ച് റണ്‍സെടുത്ത ആംബ്രിസിനെ മലിംഗയാണ് പുറത്താക്കിയത്. പകരം എത്തിയ ഷായി ഹോപ്പും ( 5 റണ്‍സ്) ഉടനടി മടങ്ങി.

ക്രിസ് ഗെയ്ല്‍ 48 പന്തില്‍ 35 റണ്‍സുമായി പുറത്തായതോടെ വിന്‍ഡീസ് പരുങ്ങലിലായി. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ 29 റണ്‍സെടുത്ത് റണ്ണൗട്ടാകുമ്പോഴും ഒരുവശത്ത് നിക്കോളാസ് പൂരന്‍ തകര്‍ത്തടിക്കുന്നുണ്ടായിരുന്നു. ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ 26 റണ്‍സെടുത്തും കാര്‍ലോസ് ബ്രെത്ത്വെയ്റ്റ് എട്ട് റണ്‍സെടുത്തും പുറത്തായെങ്കിലും ഫാബിയന്‍ അലന്‍ പൂരന് മികച്ച പിന്തുണ നല്‍കി 32 പന്തില്‍ 51 റണ്‍സെടുത്ത അലന്‍ റണ്ണൗട്ടായി.

ടോസ് നഷ്ടപ്പെട്ട ശ്രീലങ്ക അവിഷ്‌ക ഫെര്‍ണാണ്ടോയുടെ കന്നി സെഞ്ചുറിയുടെ പിന്‍ബലത്തില്‍ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തു. ഏകദിനത്തിലെ ആദ്യ സെഞ്ചുറി കുറിച്ച അവിഷ്‌ക ഫെര്‍ണാണ്ടോയുടെ ഇന്നിങ്സാണ് ലങ്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 100 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച ഫെര്‍ണാണ്ടോ 103 പന്തില്‍ നിന്ന് 104 റണ്‍സെടുത്ത് പുറത്തായി.

ലങ്കയ്ക്ക് ക്യാപ്റ്റന്‍ കരുണരത്നെയും കുശാല്‍ പെരേരയും ചേര്‍ന്ന ഓപ്പണിങ് സഖ്യം മികച്ച തുടക്കം നല്‍കി. 93 റണ്‍സിന്റെ കൂട്ടുകെട്ടാണ് സഖ്യം പടുത്തുയര്‍ത്തിയത്. 32 റണ്‍സെടുത്ത കരുണരത്നെയെ ജേസണ്‍ ഹോള്‍ഡര്‍ പുറത്താക്കുകയായിരുന്നു. അധികം വൈകാതെ മികച്ച രീതിയില്‍ മുന്നേറുകയായിരുന്ന കുശാല്‍ പെരേര (64) റണ്ണൗട്ടായി.

പിന്നീട് മൂന്നാം വിക്കറ്റില്‍ അവിഷ്‌ക ഫെര്‍ണാണ്ടോയും കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് 85 റണ്‍സ് ചേര്‍ത്തു. 39 റണ്‍സെടുത്ത മെന്‍ഡിസിനെ ഫാബിയാന്‍ അലന്‍ ഉഗ്രനൊരു ക്യാച്ചിലൂടെ മടക്കുകയായിരുന്നു. സ്‌കോര്‍ 247-ല്‍ എത്തിയപ്പോള്‍ 26 റണ്‍സോടെ ഏയ്ഞ്ചലോ മാത്യൂസും മടങ്ങി. അഞ്ചാം വിക്കറ്റില്‍ ഫെര്‍ണാണ്ടോ – ലഹിരു തിരിമാനെ സഖ്യം 67 റണ്‍സ് ചേര്‍ത്തു. 32 പന്തുകള്‍ നേരിട്ട തിരിമാനെ 43 റണ്‍സുമായി പുറത്താകാതെ നിന്നു.

Exit mobile version