അനുവാദമില്ലാതെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാരുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു; മൂന്ന് പേര്‍ക്കെതിരെ പരാതി

ഇതേ തുടര്‍ന്ന് ടീം മാനേജര്‍ ഹോട്ടല്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെന്നും മൂവരെയും താക്കീത് ചെയ്‌തെന്നുമാണ് റിപ്പോര്‍ട്ട്

ബിര്‍മിംഗ്ഹാം: അനുവാദമില്ലാതെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാരുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതിന് മൂന്ന് പേര്‍ക്കെതിരെ പരാതി. ടീം അംഗങ്ങള്‍ ബിര്‍മിംഗ്ഹാമില്‍ താമസിച്ചിരുന്ന ഹോട്ടലിലെ മൂന്ന് താമസക്കാര്‍ക്കെതിരെ ആണ് പരാതി.

വെസ്റ്റ്ഇന്‍ഡീസിനെതിരായ മത്സരത്തിന് ശേഷം ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഹോട്ടലില്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്. ധോണി, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ എന്നീ താരങ്ങളുടെ ഭാര്യമാരും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഇവരുടെ ഫോട്ടോ എടുക്കാനാണ് താമസക്കാര്‍ ശ്രമിച്ചത്.

താരങ്ങള്‍ പരിശീലനം കഴിഞ്ഞ് ഭാര്യമാര്‍ക്കൊപ്പം ഷോപ്പിങിന് ഇറങ്ങിയിരുന്നു. ഈ സമയത്താണ് ഹോട്ടലിലെ താമസക്കാരായ മൂന്ന് പേര്‍ ഇവരുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചത്. ഇവരെ അധികൃതര്‍ തടയാന്‍ ശ്രമിച്ചെങ്കിലും മൂവരും ഫോട്ടോ എടുക്കുന്നത് തുടര്‍ന്നു. ഇതേ തുടര്‍ന്ന് ടീം മാനേജര്‍ ഹോട്ടല്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെന്നും മൂവരെയും താക്കീത് ചെയ്‌തെന്നുമാണ് റിപ്പോര്‍ട്ട്.

Exit mobile version