ന്യൂസിലാന്‍ഡിന് ആദ്യ തോല്‍വി; പാകിസ്താന് 6 വിക്കറ്റ് ജയം

ന്യൂസിലാന്‍ഡിന് ആദ്യ തോല്‍വി, സെമി സാധ്യത ഉറപ്പാക്കി പാകിസ്ഥാന് ആറ് വിക്കറ്റ് വിജയം. 238 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാന്‍ 5 പന്തുകള്‍ ശേഷിക്കെ ലക്ഷ്യം കണ്ടു.

ബിര്‍മിംഗ്ഹാമില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തു. പാകിസ്ഥാന്‍ മറുപടി ബാറ്റിങ്ങില്‍ 49.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ബാബര്‍ അസം പുറത്താവാതെ നേടിയ സെഞ്ചുറിയാണ് പാകിസ്ഥാന് വിജയം സമ്മാനിച്ചത്. ബാബര്‍ അസം 101 (127) റണ്‍സെടുത്തു. അര്‍ധ സെഞ്ചുറിയുമായി ഹാരിസ് സൊഹൈലും (76 പന്തില്‍ 68 റണ്‍സ് ) മികച്ച പിന്തുണ നല്‍കി.

മൂന്നാം ഓവറിലാണ് പാകിസ്ഥാന് ആദ്യം വിക്കറ്റ് നഷ്ടമായത്. മൂന്നാം ഓവറില്‍ 9(10) റണ്‍സെടുത്ത ഫഖര്‍ സമാനെ ട്രെന്റ് ബോള്‍ട്ട് മാര്‍ട്ടിന്‍ ഗുപ്തലിന്റെ കൈകളിലെത്തിച്ചു. പിന്നാലെ ഇമാമുല്‍ ഹഖ് 19 (29) ഫെര്‍ഗൂസന് വിക്കറ്റ് സമ്മാനിച്ചു. തകര്‍ച്ചയിലേക്ക് നീങ്ങിയ പാകിസ്ഥാന് മൂന്നാമനായി ഇറങ്ങിയ ബാബര്‍ അസം രക്ഷകനായി. ബാബറിന് പിന്തുണ നല്‍കിയ മുഹമ്മദ് ഹഫീസ് 32 (50) റണ്‍സെടുത്ത് വില്യാംസണിന്റെ പന്തില്‍ മടങ്ങി. തുടര്‍ന്നെത്തിയ ഹാരിസ് സൊഹൈല്‍ ബാബറിനൊപ്പം ചേര്‍ന്നതോടെ പാകിസ്ഥാന്‍ വിജയതീരമണയുകയായിരുന്നു.

നേരത്തെ തുടക്കത്തിലെ തകര്‍ച്ചക്ക് ശേഷം കരകയറിയ ന്യൂസാലന്‍ഡ് നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റിന് 237 റണ്‍സെടുത്തു. ഷഹീന്‍ അഫ്രീദിയുടെ തീതുപ്പുന്ന പന്തുകളാണ് കീവികളെ തകര്‍ത്തത്. പത്ത് ഓവറില്‍ 28 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് ഷഹീന്‍ നേടിയത്. ജിമ്മി നീഷാമും കെയ്ന്‍ വില്യംസണും ഗ്രാന്ദ്‌ഹോമുമാണ് കീവിസിനെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 112 പന്തില്‍ 97 റണ്‍സെടുത്ത് നീഷാം പുറത്താകാതെ നിന്നു. പാകിസ്ഥാനായി മുമ്മദ് ആമിറും ഷദബ് ഖാനും ഓരോ വിക്കറ്റ് വീഴ്ത്തി

ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിന് 83 റണ്‍സ് എന്ന നിലയില്‍ തകര്‍ച്ചയിലായിരുന്നു ന്യൂസിലാന്‍ഡ്. മറുവശത്ത് വിക്കറ്റുകള്‍ പൊഴിയുംതോറും നിലയുറപ്പിച്ച കെയ്ന്‍ വില്യംസണ്‍ 69 പന്തില്‍ 81 റണ്‍സ് നേടി പുറത്തായി. പിന്നീട് നീഷാമും ഗ്രാന്ദ്‌ഹോമും ചേര്‍ന്ന് രക്ഷാദൗത്യം ഏറ്റെടുക്കുകയായിരുന്നു. 71 പന്തില്‍ 64 റണ്‍സടിച്ച ഗ്രാന്ദ്‌ഹോം 48ാം ഓവറില്‍ റണ്ണൗട്ടാവുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡിന് 24 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ഓപ്പണര്‍മാരെ നഷ്ടപ്പെട്ടു. അഞ്ച് റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ മുഹമ്മദ് ആമിര്‍ ബൗള്‍ഡാക്കിയപ്പോള്‍ കോളിന്‍ മണ്‍റോയെ ഷഹീന്‍ അഫ്രീദി തിരിച്ചയച്ചു. 12 റണ്‍സായിരുന്നു മണ്‍റോയുടെ സമ്പാദ്യം. തൊട്ടുപിന്നാലെ റോസ് ടെയ്‌ലറെ ഷഹീന്‍ അഫ്രീദി സര്‍ഫറാസ് അഹമ്മദിന്റെ കൈയിലെത്തിച്ചു. ആകെ മൂന്ന് റണ്‍സാണ് ടെയ്‌ലര്‍ നേടിയത്. ഷഹീന്റെ അടുത്ത ഇര ടോം ലാഥം ആയിരുന്നു. ഒരു റണ്ണെടുത്ത ലാഥത്തെ ഷഹീന്റെ പന്തില്‍ സര്‍ഫറാസ് ക്യാച്ച് ചെയ്തു.പിന്നീട് നിലയുറപ്പിക്കാന്‍ ശ്രമിച്ച കെയ്ന്‍ വില്ല്യംസണെ ഷദാബ് ഖാന്‍ തിരിച്ചയച്ചു. സര്‍ഫറാസിന് ആയിരുന്നു ക്യാച്ച്.

Exit mobile version