പരിക്കേറ്റ പേസ് ബൗളര്‍ അല്‍സാരി ജോസഫിന് മുംബൈ ഇന്ത്യന്‍സ് പകരക്കാരനെ പ്രഖ്യാപിച്ചു

മുംബൈ: മുംബൈ ഇന്ത്യന്‍സിന്റെ പേസ് ബൗളറായിരുന്ന അല്‍സാരി ജോസഫിന് പരിക്കേറ്റതിനെ തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സ് പകരക്കാരനെ പ്രഖ്യാപിച്ചു. ജോസഫിന്റെ പകരക്കാരന്‍ ദക്ഷിണാഫ്രിക്കയുടെ ഇടംകൈയന്‍ പേസര്‍ ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ് ആണ്. അല്‍സാരി ജോസഫിന് പരിക്കേറ്റത് രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലാണ്. വലതുകൈക്കാണ് പരിക്ക്.

മുംബൈ ജോസഫിനെ ടീമിലെടുത്തത് പേസ് ബൗളര്‍ ആദം മില്‍നെയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്നാണ്. ഹൈദരാബാദിനെതിരെ 12 റണ്‍സ് വിട്ടുകൊടുത്ത് അരങ്ങേറ്റ മത്സരത്തില്‍ തന്നെ ആറു വിക്കറ്റെടുത്ത് ജോസഫ് തിളങ്ങിയിരുന്നു. ജോസഫായിരുന്നു കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ അവസാന പന്തില്‍ മുംബൈ ജയിച്ചപ്പോള്‍ വിജയ റണ്ണെടുത്തതും.

ഹെന്‍ഡ്രിക്‌സ് ഐപിഎല്ലില്‍ മുമ്പ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനായി കളിച്ചിട്ടുള്ള പേസറാണ്. ഹെന്‍ഡ്രിക്‌സ് ദക്ഷിണാഫ്രിക്കക്കായി രണ്ട് ഏകദിനങ്ങളിലും 10 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. മുംബൈയുടെ അടുത്ത മത്സരം ഈ മാസം 26ന് ചെന്നൈക്കെതിരെയാണ്.

Exit mobile version