തകര്‍ത്തടിച്ച് ഡിവില്ല്യേഴ്‌സും മൊയിന്‍ അലിയും; മുംബൈയ്ക്ക് 172 റണ്‍സ് വിജയലക്ഷ്യം

മുംബൈ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ വിജയിക്കാന്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടത് ഇരുപത് ഓവറില്‍ 172 റണ്‍സ്. മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ്ങിനയച്ച ആര്‍സിബിക്ക് 171 റണ്‍സാണ് നേടാനായത്. 51 പന്തില്‍ നിന്ന് 75 റണ്‍സ് നേടിയ എബി ഡിവില്ല്യേഴ്‌സായിരുന്നു ബാംഗ്ലൂരിന്റെ കരുത്ത്.

ആറ് ബൗണ്ടറിയും നാല് സിക്‌സും അടങ്ങുന്ന ഇന്നിങ്‌സിനൊടുവില്‍ പൊള്ളാര്‍ഡ് റണ്ണൗട്ടാക്കുകയായിരുന്നു ഡിവില്ല്യേഴ്‌സിനെ. മൊയിന്‍ അലി 32 പന്തില്‍ നിന്ന് 50 ഉം പാര്‍ഥിവ് പട്ടേല്‍ 20 പന്തില്‍ നിന്ന് 28 ഉം റണ്‍സെടുത്തു.

ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഒന്‍പത് പന്തില്‍ നിന്ന് എട്ട് റണ്‍സ് മാത്രമാണ് നേടാനായത്. പരിക്കേറ്റ അലസാരി ജോസഫിന് പകരം കളിച്ച ലസിത് മലിംഗയാണ് ആര്‍.സി.ബിയെ 171ല്‍ ഒതുക്കിയത്. നാലോവറില്‍ 31 റണ്‍സിന് നാലു വിക്കറ്റാണ് ലങ്കന്‍ പേസര്‍ വീഴ്ത്തിയത്.

Exit mobile version