ലൈംഗിക പരാമര്‍ശം: പാണ്ഡ്യക്കും രാഹുലിനും സസ്‌പെന്‍ഷന്‍

ഉടന്‍ നാട്ടിലേക്കു മടങ്ങാന്‍ ഇരുതാരങ്ങളോടും ആവശ്യപ്പെട്ടതായി കമ്മറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് ചെയര്‍മാന്‍ (സിഒഎ) വിനോദ് റായി അറിയിച്ചു

മുംബൈ: സ്വകാര്യ ടെലിവിഷന്‍ ചാനലില്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യക്കും കെഎല്‍ രാഹുലിനും സസ്‌പെന്‍ഷന്‍. ഇരുവരേയും ഓസ്‌ട്രേലിയയില്‍ നിന്നും തിരിച്ചുവിളിച്ചു. ഉടന്‍ നാട്ടിലേക്കു മടങ്ങാന്‍ ഇരുതാരങ്ങളോടും ആവശ്യപ്പെട്ടതായി കമ്മറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് ചെയര്‍മാന്‍ (സിഒഎ) വിനോദ് റായി അറിയിച്ചു.

ശനിയാഴ്ച ആരംഭിക്കുന്ന ഏകദിന മത്സരത്തിനുള്ള ടീമിലേക്ക് ഇവരെ പരിഗണിക്കരുതെന്ന് ബിസിസിഐ ടീം മാനേജ്‌മെന്റിനെ അറിയിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇരുവരേയും ഉള്‍പ്പെടുത്തിയിരുന്നു.

വിവാദ പരാമര്‍ശങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം വന്‍ കോളിളക്കം സൃഷ്ടിച്ചതിനെത്തുടര്‍ന്ന് ഇരു താരങ്ങള്‍ക്കും ബിസിസിഐ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. സംഭവത്തില്‍ നിര്‍വ്യാജം മാപ്പ് പറയുന്നതായി ഹാര്‍ദിക് സമൂഹമാധ്യമത്തില്‍ കുറിച്ചു. എന്നാല്‍, രാഹുല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വിവാദ സംഭവത്തില്‍ മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും താരങ്ങളുടെ അതിരുവിട്ട സംസാരം അംഗീകരിക്കാനാവുന്നതല്ലെന്നും സിഒഎ അംഗമായ ഡയാന എഡുല്‍ജി അഭിപ്രായപ്പെട്ടു. തെറ്റായ സന്ദേശമാണ് അപക്വമായ സംസാരത്തിലൂടെ താരങ്ങള്‍ നല്കിയതെന്ന് ബിസിസിഐയും നിരീക്ഷിച്ചു.

Exit mobile version