‘ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ടു ഭംഗിയുള്ള കുഞ്ഞ് ജനിക്കില്ല’; തോൽവിക്ക് പിന്നാലെ വിവാദ പരാമർശവുമായി മുൻ പാക് താരം അബ്ദുൾ റസാഖ്

ഏകദിന ലോകകപ്പ് മത്സരത്തിൽ നിന്നും സെമി കാണാതെ പുറത്തായതോടെ പാകിസ്താൻ ടീമിന് നേരെ വലിയ വിമർശനമാണ് ഉയരുന്നത്. മുൻപാകിസ്താൻ താരങ്ങൾ ഉൾപ്പടെ ബാബർ അസമിന് കീഴിലുള്ള ടീമിനെ വിമർശിക്കുകയാണ്.

ലോകകപ്പിന് മുൻപ് ലോകോത്തര ബൗളർമാരുള്ള പാകിസ്താൻ മറ്റ് ടീമുകൾക്ക് പേടിസ്വപ്‌നമായിരുന്നെങ്കിലും ടൂർണമെന്റിൽ ഏറ്റവും മോശം പ്രകടനമാണ് ഇവർ കാഴ്ചവെച്ചത്. ബാബർ അസമിന്റെ ക്യാപ്റ്റൻസിയെയും മോശം ഫോമുമെല്ലാം ആരാധകരേയും നിരാശരാക്കി.

ഇതിനിടെ പാകിസ്താന്റെ മുൻ പാക് ഓൾ റൗണ്ടർ അബ്ദുൽ റസാഖ് ടീമിന്റെ പ്രകടനത്തെ സംബന്ധിച്ച് നടത്തിയ ഒരു പരാമർശം വിവാദമായിരിക്കുകയാണ്. ഒരു ടിവി പരിപാടിക്കിടെയാണ് ടീമിന്റെ പ്രകടനത്തിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ വിമർശിക്കുന്നതിനായി താരം വിവാദപാരമർശം നടത്തിയത്.

‘ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ടു മാത്രം ഭംഗിയുള്ള കുഞ്ഞ് ജനിക്കണമെന്നില്ല’-എന്നായിരുന്നു അബ്ദുൽ റസാഖ് പറഞ്ഞത്. മുൻ താരങ്ങളായ ഷാഹിദ് അഫ്രീദി, ഉമർ ഗുൽ എന്നിവർ കൂടി പങ്കെടുത്ത ചർച്ചയിലായിരുന്നു പരാമർശം.

ALSO READ- ദിവസം ഇരുപതിലേറെ തവണ കറന്റ് പോകുന്നു: ‘ചില്ലറ’ കൊണ്ട് കെഎസ്ഇബിക്ക് പണികൊടുത്ത് പഞ്ചായത്ത് മെമ്പറുടെ പ്രതിഷേധം

ഈ പരാമർശം കേട്ട് അഫ്രീദിയും ഗുല്ലും പൊട്ടിച്ചിരിക്കുകയും കൈയ്യടിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ‘പിസിബിയുടെ ഉദ്ദേശശുദ്ധിയെ കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. ഞാൻ കളിക്കുന്ന സമയത്ത് ക്യാപ്റ്റനെന്ന നിലയിൽ വ്യക്തമായ ലക്ഷ്യവും ഉദ്ദേശശുദ്ധിയുമുള്ള ആളായിരുന്നു യൂനിസ് ഖാൻ. ‘

‘മികച്ച പ്രകടനം പുറത്തെടുക്കാൻ ഇതെനിക്ക് ആത്മവിശ്വാസവും പ്രചോദനവും നൽകി. ഇവിടെയുള്ള എല്ലാവരും പാകിസ്താൻ ക്രിക്കറ്റ് ടീമിനെ കുറിച്ചും താരങ്ങളുടെ പ്രകടനത്തെ കുറിച്ചുമാണ് സംസാരിക്കുന്നത്.’

‘സത്യത്തിൽ, മികച്ച താരങ്ങളെ കണ്ടെത്താനും വളർത്തിയെടുക്കാനും നമുക്ക് എത്ര കണ്ട് ഉദ്ദേശശുദ്ധിയുണ്ട് എന്ന കാര്യത്തിൽ എനിക്കു സംശയമുണ്ട്. ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ടു മാത്രം ഭംഗിയുള്ള കുഞ്ഞ് ജനിക്കുമെന്ന് നിങ്ങൾ ചിന്തിച്ചാൽ അതു നടക്കണമെന്നില്ല’-എന്നായിരുന്നു റസാഖിന്റെ വാക്കുകൾ

അതേസമയം, റസാഖിന്റെ വിവാദ പരാമർശത്തിൽ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.

Exit mobile version