അവസാന സെക്കൻ്റുവരെ ആവേശം! നെതർലാൻഡ്സിനെയും പെനൽറ്റി ഷൂട്ട്ഔട്ടിനെയും കടന്ന് അര്‍ജന്റീന; ഇനി കളി സെമിയില്‍

ദോഹ: ഖത്തര്‍ ലോകകപ്പില്‍ നെതര്‍ലാന്‍ഡിനെ തകര്‍ത്ത് അര്‍ജന്റീന സെമിയില്‍. എക്സ്ട്രാ ടൈമിലും രണ്ട് ടീമുകളും സമനില (2-2) പാലിച്ചതോടെ ഷൂട്ട് ഔട്ടിലാണ് വിജയിയെ തീരുമാനിച്ചത്. അർജൻ്റീന നാല് പന്തും വലയിൽ എത്തിച്ചപ്പോൾ 3 എണ്ണം മാത്രം വലയിൽ എത്തിക്കാനെ ഹോളണ്ടിന് സാധിച്ചുള്ളൂ.

അർജന്റീനയ്ക്കായി ക്യാപ്റ്റൻ ലയണൽ മെസ്സി, ലിയാൻഡ്രോ പരേദസ്, ഗോൺസാലോ മോണ്ടിയെൽ, ലൗട്ടാരോ മാർട്ടിനസ് എന്നിവർ ഷൂട്ടൗട്ടിൽ ലക്ഷ്യം കണ്ടതാണ് മത്സരത്തിൽ വിജയം ഉറപ്പിച്ചത്. അർജന്റീന താരം എൻസോ ഫെർണാണ്ടസിന്റെ കിക്ക് പുറത്തുപോയിരുന്നു.

അതേസമയം, നെതർലൻഡ്സിനായി ക്യാപ്റ്റൻ വിർജിൻ വാൻ ദെയ്ക്, സ്റ്റീവൻ ബെർഗ്യൂസ് എന്നിവരെടുത്ത കിക്കുകൾ തടഞ്ഞിടാൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന് സാധിച്ചിരുന്നു. ഗോളി തന്നെയാണ് അർജന്റീനയുടെ വിജയശിൽപി.

നെതർലൻഡ്സിനായി കൂപ്മെയ്നേഴ്സ്, വൗട്ട് വെഗ്ഹോസ്റ്റ്, ലൂക് ഡി ജോങ് എന്നിവർ എടുത്ത കിക്ക് മാത്രമാണ് ലക്ഷ്യത്തിലെത്തിയത്.

നേരത്തെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അവസാന നിമിഷം വരെ മുന്നില്‍ നിന്നെങ്കിലും ഇന്‍ജുറി ടൈം അവസാനിക്കാനിരിക്കെ ഹോളണ്ടിന് ലഭിച്ച ഫ്രീകിക്കാണ് എല്ലാം മാറ്റിമറിച്ചത്.

സെമി കാണാതെ പുറത്തായ ബ്രസീലിനുണ്ടായ ദുരന്തം ആവര്‍ത്തിക്കുമെന്ന് അർജൻ്റീന ആരാധകരും ഒരുപോലെ ഭയന്നിരുന്നെങ്കിലും മെസി(പെനൽറ്റി)യുടേയും നാഹുവേല്‍ മൊലിനയുടേയും ഗോളിന്റെ മികവില്‍ അര്‍ജന്റീന വിജയം ഉറപ്പിച്ചിരിക്കുകയായിരുന്നു.

ഇതിനിടെയാണ് പ്രവചനാതീതമായി രണ്ട് ഗോളുകള്‍ നെതര്‍ലാന്‍ഡില്‍ നിന്നും പിറന്നത്. വൌട്ട് വേഹോസ്റ്റാണ് രണ്ട് ഗോളുകളും നേടി നിര്‍ണായകമായ സമനില പിടിച്ചത്. പിന്നീട് എക്‌സ്ട്രാ ടൈമില്‍ ഗോളൊന്നും പിറക്കാതെ വന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

also read- ക്രൊയേഷ്യ സെമിയില്‍: കണ്ണീരോടെ മഞ്ഞപ്പട പുറത്തേക്ക്

Exit mobile version