200ാം ടെസ്റ്റ് വിക്കറ്റ്! അച്ഛന്റെ പരിശ്രമത്തിന്റെ ഫലം: റെക്കോര്‍ഡ് നേട്ടം അദ്ദേഹത്തിന് സമര്‍പ്പിക്കുന്നു; വികാരദീനനായി മുഹമ്മദ് ഷമി

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അഞ്ചു വിക്കറ്റുകളുമായി തിളങ്ങിയതിന് പിന്നാലെ റെക്കോര്‍ഡ് നേട്ടമാണ് പേസര്‍ മുഹമ്മദ് ഷമി സ്വന്തമാക്കിയിരിക്കുന്നത്.

അതിവേഗം 200 ടെസ്റ്റ് വിക്കറ്റുകള്‍ തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളറായിരിക്കുകയാണ് ഷമി. 55-ാം ടെസ്റ്റിലാണ് ഷമിയുടെ ഈ നേട്ടം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേടിയതോടെയാണ് ഷമിയെ തേടി ഈ റെക്കോര്‍ഡ് എത്തിയത്.

1983-ല്‍ 50 ടെസ്റ്റില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്, 2001-ല്‍ 54-ാം ടെസ്റ്റില്‍ ഈ നേട്ടത്തിലെത്തിയ ജവഗല്‍ ശ്രീനാഥ് എന്നിവരാണ് ഇക്കാര്യത്തില്‍ ഷമിക്ക് മുന്നിലുള്ളത്. ശ്രീനാഥിന്റെ നേട്ടവും ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു. ജീവിതത്തിലും ക്രിക്കറ്റിലും നിരവധി ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വന്ന താരമാണ് ഷമി. പരുക്കുകള്‍ അദ്ദേഹത്തെ വിരമിക്കലിന്റെ വക്കിലെത്തിച്ചിരുന്നു.

ഇതോടെ ഷമിയെ അഭിനന്ദനം കൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. എന്നാല്‍ തന്റെ ഈ നേട്ടം പിതാവിനുവേണ്ടി സമര്‍പ്പിക്കുന്നുവെന്നാണ് ഷമി പറയുന്നത്. 2017-ലാണ് ഷമിയുടെ പിതാവ് അന്തരിച്ചത്.

Read Also:പറവൂരിലെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചത് വിസ്മയ: കൊലപാതകമെന്ന് സംശയം; വീടിനുള്ളില്‍ നിന്നും സഹോദരി ഓടിപ്പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്; ജിത്തുവിനെ തിരഞ്ഞ് പോലീസ്

ഇന്ത്യന്‍ ബൗളിങ് പരിശീലകന്‍ പരസ് മഹംബ്രേയുമായുള്ള അഭിമുഖത്തിനിടെയാണ് ഷമി ഇക്കാര്യം അറിയിച്ചത്. ‘നേട്ടത്തില്‍ ഒരുപാട് അഭിമാനിക്കുന്നു. ഈ നേട്ടം ഞാന്‍ എന്റെ പിതാവിനായി സമര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ ഫലമായാണ് ഞാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമായത്. ഞാന്‍ നേടുന്ന എല്ലാ നേട്ടങ്ങളും അദ്ദേഹത്തിന് കൂടി അവകാശപ്പെട്ടതാണ്’- ഷമി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം, രോഹിത് ശര്‍മ്മയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവ് സെഷനില്‍, ‘കടുത്ത സമ്മര്‍ദ്ദവും വ്യക്തിപരമായ പ്രശ്‌നങ്ങളും’ ഉണ്ടായ കാലഘട്ടത്തില്‍ മൂന്ന് തവണ ആത്മഹത്യ ചെയ്യാന്‍ താന്‍ ആലോചിച്ചിരുന്നതായി ഷമി വെളിപ്പെടുത്തിയിരുന്നു. ഇതിനെയെല്ലാം തരണം ചെയ്താണ് തന്റെ 55-ാമത് ടെസ്റ്റ് മത്സരത്തില്‍ ഷമി 200 വിക്കറ്റ് എന്ന നാഴികക്കല്ല് പിന്നിട്ടത്.

Exit mobile version