ആദ്യസെറ്റ് നഷ്ടപ്പെട്ടിട്ടും തിരിച്ച് വരവ് നടത്തി ശരത് കമൽ; ടേബിൾ ടെന്നീസിൽ മൂന്നാം റൗണ്ടിൽ

ടോക്യോ: ഇന്ത്യയുടെ പ്രതീക്ഷകൾ ഉയർത്തി ടോക്യോ ഒളിംപിക്‌സിൽ ടേബിൾ ടെന്നീസ് പുരുഷ വിഭാഗം സിംഗിൾസിൽ ഇന്ത്യയുടെ ശരത് കമൽ അജന്ത മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. പോർച്ചുഗലിന്റെ ടിയാഗോ അപൊലോണിയയെയാണ് ശരത് കീഴടക്കിയത്.

വനിതാ വിഭാഗത്തിൽ മണിക ബത്രയും മൂന്നാം റൗണ്ടിൽ പ്രവേശിച്ചിട്ടുണ്ട്. മറ്റൊരു ഇന്ത്യൻ താരമായ സത്തിയൻ ജ്ഞാനശേഖരൻ ഇന്നലെ രണ്ടാം റൗണ്ടിൽ തോറ്റ് പുറത്തായിരുന്നു.

രണ്ടിനെതിരേ നാല് സെറ്റുകൾക്കാണ് ശരത്തിന്റെ വിജയം. മത്സരം ആറ് സെറ്റുകൾ കൊണ്ട് അവസാനിച്ചു. സ്‌കോർ: 2-11, 11-8, 11-5, 9-11,11-6, 11-9ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്ന ശരത് കമൽ രണ്ടും മൂന്നും സെറ്റുകൾ സ്വന്തമാക്കുകയായിരുന്നു.

നാലാം സെറ്റിൽ പോർച്ചുഗീസ് താരം തിരിച്ചടിച്ചെങ്കിലും പരിചയസമ്പത്തിന്റെ ബലത്തിൽ അഞ്ചും ആറും സെറ്റുകളിൽ വിജയിച്ച് ശരത് കമൽ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു.

Exit mobile version