കരാറൊപ്പിടാന്‍ വൈകുന്നത് സാമ്പത്തികക്കുരുക്ക് മൂലം : ‘ഫ്രീ ഏജന്റ് ‘ ആയി മെസ്സി ഇതാദ്യം

Lionel Messi | Bignewslive

ബാര്‍സിലോന : സ്പാനിഷ് ലാ ലിഗ ഫുട്‌ബോളിലെ കടുത്ത സാമ്പത്തിക ചട്ടങ്ങള്‍ കാരണമാണ് ലയണല്‍ മെസ്സിയുമായി കരാര്‍ ഒപ്പിടാന്‍ വൈകുന്നതെന്ന് ബാര്‍സിലോന ക്ലബ് പ്രസിഡന്റ് ജോന്‍ ലാപോര്‍ട്ട. ജൂണ്‍ 30ന് ബാര്‍സയുമായുള്ള കരാര്‍ കാലാവധി അവസാനിച്ച മെസ്സി ഇപ്പോള്‍ ഏത് ക്ലബ്ബിലേക്കും സ്വതന്ത്രമായി മാറാന്‍ സാധിക്കുന്ന ഫ്രീ ഏജന്റ് ആണ്.

ജൂലൈ ഒന്നിന് മുമ്പ് പുതിയ കരാര്‍ ഒപ്പിടാന്‍ ബാര്‍സയും മെസ്സിയും ശ്രമിച്ചെങ്കിലും ലാ ലിഗയിലെ സാമ്പത്തിക നിയന്ത്രണങ്ങളാണ് പ്രശ്‌നമെന്ന് ലാപോര്‍ട്ട വെളിപ്പെടുത്തി.”മെസ്സി ബാര്‍സയില്‍ വേണമെന്ന് ക്ലബ്ബും ഇവിടെത്തന്നെ തുടരണമെന്ന് അദ്ദേഹവും ആഗ്രിഹിക്കുന്നു. എന്നാല്‍ ക്ലബ്ബുകളുടെ വരുമാനമനുസരിച്ച് മാത്രം കളിക്കാരുടെ വേതനമെന്ന ലാ ലിഗ നയമാണ് പുതിയ കരാര്‍ ഒപ്പിടാന്‍ തടസ്സം. ഇതേക്കുറിച്ച് മെസ്സിയുമായി ചര്‍ച്ച നടത്തി വരികയാണ്.” ലാപോര്‍ട്ട പറഞ്ഞു.

ലോകത്ത് ഏറ്റവുമധികം വരുമാനമുള്ള ക്ലബ്ബുകളിലൊന്നാണ് ബാര്‍സിലോനെങ്കിലും കഴിഞ്ഞ സീസണില്‍ 12.5 കോടി യൂറോ (ഏകദേശം 1100കോടി രൂപ) നഷ്ടം സംഭവിച്ചിരുന്നു. കഴിഞ്ഞ സീസണിലെ ടിക്കറ്റ് വരുമാനം പൂര്‍ണമായും നഷ്ടമായതോടെ ഇത്തവണ കളിക്കാരെ വാങ്ങാനും മറ്റും പണം ചെലവഴിക്കാന്‍ ബാര്‍സയ്ക്ക് കടുത്ത നിയന്ത്രണമാണുള്ളത്. ലോകത്ത് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരമായ മെസ്സിയുമായി കരാറിലെത്താന്‍ ബാര്‍സ വൈകുന്നതിന് കാരണവും ഇതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Exit mobile version