കോവിഡിനിടയിലും ഒളിമ്പിക്‌സിന് തയ്യാറെടുത്ത് ജപ്പാന്‍

Olympics | Bignewslive

ടോക്യോ : കോവിഡ് തരംഗത്തില്‍ ലോകം വിറങ്ങലിച്ച് നില്‍ക്കുമ്പോഴും ഈ വര്‍ഷത്തെ ഒളിമ്പിക്‌സ് തയ്യാറെടുപ്പുകള്‍ക്ക് ഒരു കുറവും വരുത്താതെ ജപ്പാന്‍. ഈ വര്‍ഷം ജൂലൈയില്‍ ആരംഭിക്കാനുദ്ദേശിക്കുന്ന ടോക്യോ ഒളിംപിക്‌സിന്റെ അവസാന വട്ട ഒരുക്കങ്ങളാണ് ജപ്പാനില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്.

മാര്‍ച്ച് 25ന് ആരംഭിച്ച ദീപശിഖ പ്രയാണം ഇപ്പോഴും ജപ്പാനില്‍ നടക്കുന്നുണ്ട്. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ മാനിച്ച് ടിവിയിലൂടെയും മറ്റുമാണ് ഇതിന് കാഴ്ചക്കാര്‍. ഒളിംപിക്‌സ് ഔദ്യോഗികമായി തുടങ്ങിയതിന് ശേഷമേ ഇത് അവസാനിപ്പിക്കൂ.കോവിഡിനെതിരെയുള്ള വിജയത്തിന്റെ പ്രതീകമായാണ് ജപ്പാനില്‍ ടോക്യോ ഒളിംപിക്‌സ് കണക്കാക്കപ്പെടുന്നത്.

കാണികള്‍ കുറവാണെങ്കിലും പങ്കെടുക്കാനെത്തുന്ന മത്സരാര്‍ഥികള്‍ക്ക് ഒരു കുറവും വരുത്താതിരിക്കാനാണ് ശ്രമിക്കുന്നതെന്ന് ഒളിംപിക്‌സ് ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ സെയ്‌കോ ഹാഷിമൊട്ടോ പറഞ്ഞു. അതേസമയം പല രാജ്യങ്ങളിലും രൂക്ഷമാകുന്ന കോവിഡ് വ്യാപനം കണക്കിലെടുത്ത് ഒളിംപിക്‌സ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് നിരവധി അപേക്ഷകളാണ് ടോക്ക്യോ സര്‍ക്കാരിന് ലഭിക്കുന്നത്. ഒളിംപിക്‌സ് നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി ആരംഭിച്ച ഒപ്പുശേഖരണത്തില്‍ 3,50,000ത്തോളം ആളുകളാണ് ഒപ്പുവെച്ചിരിക്കുന്നത്.

ഒളിംപിക്‌സിനായി വിനിയോഗിക്കുന്ന പണം കോവിഡ് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങള്‍ക്ക് വീതിച്ച് നല്‍കണമെന്ന ആവശ്യമാണ് മിക്കവര്‍ക്കും. കോവിഡ് ഏറ്റവും തീവ്രമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍.ആകെ ജനസംഖ്യയില്‍ വെറും രണ്ട് ശതമാനത്തില്‍ താഴെ മാത്രം ആളുകളാണ് പൂര്‍ണമായും വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടുള്ളത്.

കോവിഡിനെത്തുടര്‍ന്ന് ഒളിംപിക്‌സിന്റെ പ്രധാന വേദിയായ ടോക്ക്യോ ഉള്‍പ്പടെയുള്ള അഞ്ച് സ്ഥലങ്ങളില്‍ മെയ് 31 വരെ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിരുന്നു. ഇത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

Exit mobile version