ചെന്നൈയിലേക്കല്ല, കളിയിലേക്ക് തിരിച്ചുവന്ന് സൂപ്പർ കിങ്‌സ്; ബാംഗ്ലൂരിനെതിരെ എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം

ദുബായ്: ഇനിയൊരു പ്ലേഓഫ് സാധ്യത ഉണ്ടോയെന്ന് ഉറപ്പില്ലെങ്കിലും അവസാനത്തെ മത്സരങ്ങൾ വിജയത്തിലവസാനിക്കുമെന്ന നായകൻ എംഎസ് ധോണിയുടെ വാക്കുകൾ നെഞ്ചിലേറ്റി ചെന്നൈയ്ക്ക് വിജയം. ബാംഗ്ലൂരിനെതിരെ എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ബാംഗ്ലൂർ ഉയർത്തിയ 146 റൺസിന്റെ വിജയലക്ഷ്യം എട്ട് പന്ത് ബാക്കി നിൽക്കെ ചെന്നൈ മറികടക്കുകയായിരുന്നു. 2 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് സ്‌കോർ ബോർഡിൽ ചേർത്താണ് ചെന്നൈ വിജയം സ്വന്തമാക്കിയത്. ധോണിയെ (19*) ഒരറ്റത്ത് സാക്ഷിയാക്കി നിർത്തി റുതുരാജ് ഗെയ്ക്‌വാദാണ് സിക്‌സറടിച്ച് സ്വതസിദ്ധമായ ശൈലിയിൽ മത്സരം അവസാനിപ്പിച്ചത്. അമ്പാട്ടി റായ്ഡു (39) ഡ്യുപ്ലെസിസ് (25) എന്നിവരുടെ വിക്കറ്റാണ് ചെന്നൈയ്ക്ക് നഷ്ടമായത്.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ ആറ് വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുത്തു. അർധസെഞ്ചുറി നേടിയ കോഹ്‌ലിയും ഡിവില്ലിയേഴ്‌സും ചേർന്നാണ് ബാംഗ്ലൂരിന് മാന്യമായ സ്‌കോറിലെത്തിച്ചത്. ചെന്നൈ ബൗളർമാർ ബാംഗ്ലൂരിനെ പിടിച്ചുകെട്ടിയതാണ് വിജയവഴിയൊരുക്കിയത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന വേണ്ടി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ ഫിഞ്ചും ദേവ്ദത്തും ചേർന്ന് നൽകിയത്. എന്നാൽ നാലാം ഓവറിൽ സ്‌കോർ 31ൽ നിൽക്കെ ഫിഞ്ചിനെ പുറത്താക്കി സാം കറൻ ചെന്നൈയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. പിന്നീടെത്തിയ ക്യാപ്റ്റൻ കോഹ്‌ലിയും ഡിവില്ലിയേഴ്‌സും കോലിയും ചേർന്ന് സ്‌കോർ 50 കടത്തി. ഇരുവരും തകർച്ചയിൽ നിന്നും ബാംഗ്ലൂരിനെ രക്ഷിച്ചു. വളരെ ശ്രദ്ധയോടെയാണ് ഇരുവരും ബാറ്റേന്തിയത്. ആക്രമിച്ച് കളിക്കാൻ ഇരുവർക്കും സാധിച്ചില്ല. ഈ മത്സരത്തിൽ സിക്‌സ് നേടിയതോടെ ഐപിഎല്ലിൽ 200 സിക്‌സുകൾ നേടുന്ന താരം എന്ന നേട്ടം കോഹ്‌ലി സ്വന്തമാക്കി.

സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ ചെന്നൈ ബൗളർമാർ നന്നായി ബൗൾ ചെയ്തു. ചെന്നൈയ്ക്ക് വേണ്ടി സാം കറൻ മൂന്നു വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ചാഹർ രണ്ട് വിക്കറ്റ് സ്വന്തമാക്കി. ശേഷിച്ച വിക്കറ്റ് സാന്റ്‌നർ സ്വന്തമാക്കി.

Exit mobile version