നൂറാം ഐപിഎൽ മത്സരത്തിൽ തകർപ്പൻ ക്യാച്ചെടുത്ത് സഞ്ജു സാംസൺ; ആവേശത്തിൽ ആരാധകർ

ദുബായ്: തന്റെ നൂറാം ഐപിഎൽ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് എതിരെ തകർപ്പൻ ക്യാച്ചുമായി രാജസ്ഥാൻ റോയൽസിന്റെ മലയാളി താരം സഞ്ജു സാംസൺ. ബൗണ്ടറി ലൈനിൽ നിന്നാണ് സഞ്ജു അമ്പരപ്പിക്കുന്ന ക്യാച്ച് സ്വന്തമാക്കിയത്. സൺറൈസേഴ്‌സിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാൻ ജോണി ബെയർസ്‌റ്റോയെ പുറത്താക്കിയാണ് സഞ്ജു പന്ത് കൈപ്പിടിയിൽ മുറുക്കിയത്.

കാർത്തിക് ത്യാഗി എറിഞ്ഞ അഞ്ചാം ഓവറിലാണ് സംഭവം അരങ്ങേറുന്നത്. ഓവറിലെ നാലാം പന്തിൽ സിക്‌സിന് ശ്രമിച്ച ബെയര്‍‌സ്റ്റോയ്ക്ക് അൽപ്പം പിഴയ്ക്കുകയായിരുന്നു. പന്ത് ഉയർന്ന് ബൗണ്ടറി ലൈനിലേക്ക് കുതിച്ചു. ഇതുകണ്ട് ഓടിവന്ന സഞ്ജു അത്യുഗ്രൻ ഡൈവിലൂടെ പന്ത് കൈപ്പിടിയിലാക്കുകയായിരുന്നു. വിക്കറ്റ് വീണതോടെ സൺറൈസേഴ്‌സ് പ്രതിരോധത്തിലായി. സഞ്ജുവിന്റെ ഈ ക്യാച്ച് ചുരുങ്ങിയ നിമിഷം കൊണ്ടാണ് വൈറലായത്. ഈ പ്രകടനത്തോടെ ഐപിഎല്ലിൽ സഞ്ജു 100 ക്യാച്ചുകൾ തികച്ചു.

അതേസമയം, സൺറൈസേഴ്‌സ് ഹൈദരാബാദ് നേടിയ 158 റൺസിനെതിരെ ബാറ്റ് ചെയ്യുന്ന രാജസ്ഥാന് മോശം തുടക്കാമമ് ലഭിച്ചത്. 4.1 ഓവറുകൾക്കുള്ളിൽ ബെൻ സ്‌റ്റോക്ക്‌സ് (5), സ്റ്റീവ് സ്മിത്ത് (5), ജോസ് ബട്ട്‌ലർ (16) എന്നിവരുടെ വിക്കറ്റുകൾ രാജസ്ഥാന് നഷ്ടമായി. സ്മിത്ത് റണ്ണൗട്ടായപ്പോൾ മറ്റ് രണ്ടു വിക്കറ്റുകൾ ഖലീൽ അഹമ്മദ് വീഴ്ത്തി.

നേരത്തെ, അർധ സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയും 48 റൺസെടുത്ത ക്യാപ്റ്റൻ ഡേവിഡ് വാർണറുമാണ് ഹൈദരാബാദിന്റെ പൊരുതാവുന്ന സ്‌കോറിനായി ബാറ്റേന്തിയത്. രണ്ടാം വിക്കറ്റിൽ ഇരുവരും 73 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

Exit mobile version