സൂപ്പർ ഓവറിൽ ബാംഗ്ലൂരിന് സൂപ്പർ വിജയം; ടോസിലും ബാറ്റിങിലും രോഹിത്തിന് പിഴച്ചു; വീണ്ടും തിളങ്ങി ദേവ്ദത്ത്; കോഹ്‌ലിക്ക് അൽപ്പം ആശ്വാസം

ദുബായ്: സൂപ്പർ ഓവറിൽ സൂപ്പർ പോരാട്ടം നടത്തി ഒടുവിൽ ബാംഗ്ലൂരിന് ഗംഭീര വിജയം. സൂപ്പർ ഓവറിൽ 4 റൺസിനാണ് റോയൽ ചലഞ്ചേഴ്‌സിന്റെ വിജയം. ഇരുടീമുകളും നിശ്ചിത 20 ഓവറിൽ 201 റൺസെടുത്ത് തുല്യത പാലിച്ചതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് കടന്നത്. ഐപിഎല്ലിൽ 13ാം സീസണിൽ വീണ്ടുമൊരു മത്സരം സൂപ്പർ ഓവറിലേക്ക് കടന്നതോടെ ആരാധകർക്ക് ഗംഭീര ത്രില്ലിങ് നൈറ്റാണ് ലഭിച്ചത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഒരു വിക്കറ്റ് നഷ്ടത്തിൽ 7 റൺസെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ബാംഗ്ലൂർ 11 റൺസെടുത്താണ് വിജയം പിടിച്ചെടുത്തത്. 4 പന്തിൽ ആറ് റൺസെടുത്ത എബി ഡിവില്ലിയെഴ്‌സും 2 പന്തിൽ അഞ്ച് റൺസെടുത്ത നായകൻ കോഹ്‌ലിയും ബാംഗ്ലൂരിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. ഇതോടെ ആദ്യബാറ്റിങിൽ കാര്യമായി ഒന്നും ചെയ്തില്ലെങ്കിലും ടീമിന്റെ വിജയത്തിൽ നിർണായക പങ്കാളിയായെന്ന്
കോഹ്‌ലിക്ക് ആശ്വസിക്കാം. ജസ്പ്രിത് ബൂമ്രയാണ് മുംബൈയ്ക്കായി സൂപ്പർ ഓവറിൽ പന്തെടുത്തത്.

മുംബൈയ്ക്കായി സൂപ്പർ ഓവറിൽ 4 പന്തിൽ നിന്നും 5 റൺസ് മാത്രമാണ് പൊള്ളാർഡിന് നേടാനായത്. ഹാർദ്ദിക് പാണ്ഡ്യ 2 പന്തിൽ നിന്നും ഒരു റൺസ് മാത്രമെടുത്തപ്പോൾ നായകൻ രോഹിതിന് തൊടാൻ പന്തൊന്നും ലഭിച്ചില്ല. ബാംഗ്ലൂരിനായി സൂപ്പർ ഓവർ എറിയാനെത്തിയ നവ്ദീപ് സൈനി പൊള്ളാർഡിനെ മടക്കി അയയ്ക്കുകയും വമ്പൻ അടികളെ നിയന്ത്രിക്കുകയും ചെയ്തത് വിജയം ബാംഗ്ലൂരിന് എളുപ്പമാക്കി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ബാംഗ്ലൂർ അടിച്ചെടുത്ത കൂറ്റൻ സ്‌കോറായ 201/3 റൺസ് നേടാൻ ബാറ്റേന്തിയ മുംബൈ അവസാന ഓവറിൽ 201 റൺസ് തികച്ച് സമനില പാലിച്ച് മത്സരം സൂപ്പർ ഓവറിലേക്ക് എത്തിക്കുകയായിരുന്നു. ഒരു റൺസിന് സെഞ്ച്വറി അകന്ന് നിന്ന മുബൈയുടെ ഇഷാൻ കിഷന്റെ(58 പന്തിൽ 99റൺസ്)യും അർധ സെഞ്ച്വറി നേടിയ കീരൻ പൊള്ളാർഡിന്റെയും (24 പന്തിൽ 60 റൺസ്) ചെറുത്ത് നിൽപ്പ് പോരാട്ടമാണ് മുബൈയെ സൂപ്പർ ഓവറിലേക്ക് എത്തിച്ചത്.

ടോസ് നേടിയിട്ടും ബാംഗ്ലൂരിനെ ബാറ്റിങിനയച്ച തീരുമാനം തെറ്റായെന്ന് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയെ കണ്ട് പറയിപ്പിച്ച് ഗംഭീര പ്രകടനമാണ് റോയൽ ചലഞ്ചേഴ്‌സ് കാഴ്ചവെച്ചത്. ബാംഗ്ലൂരിന്റേയും മുംബൈയുടേയും നായകന്മാരായ പേരുകേട്ട ബാറ്റ്‌സ്മാന്മാർ മത്സരത്തിൽ ഉടനീളം വൻപരാജയമായപ്പോൾ സഹതാരങ്ങൾ മിന്നിച്ചു. നായകൻ രോഹിത്ത് ശർമ്മ വീണ്ടും ബാറ്റിങിൽ പരാജയപ്പെട്ടത് മുംബൈ ആരാധകർക്ക് കനത്ത നിരാശ സമ്മാനിച്ചു. 8 പന്തിൽ നിന്നും വെറും 8 റൺസ് സംഭാവന ചെയ്താണ് രോഹിത്ത് മടങ്ങിയത്. ക്വിന്റൺ ഡി കോക്ക് ആകട്ടെ 15 പന്തിൽ നിന്നും 14 റൺസെടുത്തും ഹാർദ്ദിക് പാണ്ഡ്യ 13 പന്തിൽ 15 റൺസെടുത്തും തങ്ങളുടെ സ്‌ട്രൈക്ക് റേറ്റ് സേഫാക്കി മടങ്ങി. ഡക്കായി മടങ്ങിയ സൂര്യകുമാർ യാദവും മുംബൈയ്ക്ക് തിരിച്ചടിയായി.

നാല് ഓവറിൽ 12 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത വാഷിങ്ടൺ സുന്ദറാണ് മുംബൈയുടെ വമ്പനടിക്കാരെ പിടിച്ചുകെട്ടിയത്. യുസ്വേന്ദ്ര ചാഹൽ 48 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തിയപ്പോൾ ആദം സാംപയും 53 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. 45 റൺസ് വഴങ്ങി ഇസുരു ഉഡാന ഇഷാൻ കിഷന്റെ ഉൾപ്പടെ രണ്ട് വിക്കറ്റുകളെടുത്തു. നേരത്തെ, 43 റൺസ് വഴങ്ങിയ വിക്കറ്റെടുക്കാതിരുന്ന നവ്ദീപ് സൈനി, പിന്നീട് സൂപ്പർ ഓവറിൽ 7 റൺസ് വഴങ്ങുകയും കീരൻ പൊള്ളാർഡിനെ മടക്കുകയും ചെയ്തു.

നേരത്തെ, ബാംഗ്ലൂരിന് വേണ്ടി ആരോൺ ഫിഞ്ചും ദേവ്ദത്ത് പടിക്കലും എബി ഡിവില്ലിയേഴ്‌സും ഒരുമിച്ച് ഫോമായതോടെയാണ് ബാഗ്ലൂർ സ്‌കോർ ബോർഡിൽ 201 റൺസ് എഴുതി ചേർത്തത്. 20 ഓവറിൽ മൂന്ന് വിക്കറ്റിനാണ് ബാംഗ്ലൂർ 201 റൺസ് അടിച്ചുകൂട്ടിയത്. 40 പന്തുകളിൽ നിന്നും അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറുമടക്കം 54 റൺസ് സംഭാവന നൽകിയാണ് മലയാളി താരമായ ദേവ്ദത്ത് പടിക്കൽ മടങ്ങിയത്. ഐപിഎല്ലിലെ താരത്തിന്റെ രണ്ടാം അർധ സെഞ്ച്വറിയാണിത്.

അതേസമയം, 23 പന്തുകളിൽ നിന്നും അർധസെഞ്ച്വറി പൂർത്തിയാക്കി ഡിവില്ലിയേഴ്‌സും ബാംഗ്ലൂരിന് വലിയ പിന്തുണ നൽകി. അവസാന ഓവറുകളിൽ തകർത്തടിച്ച താരം തന്റെ വിരമിക്കൽ ക്ഷീണമൊക്കെ അകറ്റിയെന്ന് തെളിയിക്കുകയും ചെയ്തു.

ഒരു സമയത്ത് ദേവ്ദത്തിനെ കാഴ്ചക്കാരനാക്കി മാറ്റി നിർത്തിയാണ് ആരോൺ ഫിഞ്ച് അടിച്ചു തകർത്തത്. 35 പന്തിൽ നിന്നും 52 റൺസുമായി ഫിഞ്ച് പുറത്താകുമ്പോൾ ബാംഗ്ലൂരിന്റെ സ്‌കോർ 81 ലെത്തിയിരുന്നു. തൊട്ടുപിന്നാലെയെത്തിയ നായകൻ വിരാട് കോഹ്‌ലി ആരാധകരെ വീണ്ടും നിരാശനാക്കി. 11 പന്തിൽ നിന്നും വെറും മൂന്ന് റൺസായിരുന്നു നായകന്റെ സംഭാവന. 10 പന്തുകളിൽ നിന്നും 27 റൺസെടുത്ത ശിവം ദുബെയുടെ പ്രകടനമാണ് ബംഗളൂരുവിനെ 200 കടത്തിയത്. മുംബൈക്കായി ട്രെന്റ് ബോൾട്ട് രണ്ടുവിക്കറ്റ് വീഴ്ത്തി.

Exit mobile version