വില കുറച്ച് കണ്ടവരെ തിരുത്തി വിജയ തുടക്കവുമായി രാജസ്ഥാൻ; പൊരുതിയിട്ടും ഫലം കാണാതെ ചെന്നൈ

ദുബായ്:ഐ പി എൽ 13ആം സീസൺ ആരംഭിക്കുമ്പോൾ വിദഗ്ധർ പലരും വിലകുറച്ചു കണ്ട ടീമുകളിൽ ഒന്നായ രാജസ്ഥാൻ റോയൽസിന് ആദ്യ മത്സരത്തിൽ തന്നെ ഗംഭീര വിജയം.ഒരു വിജയത്തിന്റെ ആത്മവിശ്വാസവുമായി കളത്തിൽ ഇറങ്ങിയ ചെന്നൈയെ 16 റൺസിന് തോൽപിച്ചാണ് രാജസ്ഥാൻ വരവ് അറിയിച്ചത്. അവസാന ഓവറുകളിൽ പൊരുതിയാണ് ചെന്നൈ തോൽവിയുടെ ആഴം കുറച്ചത്. ക്യാപ്റ്റൻ എംഎസ് ധോണിയും(29) ഡുപ്ലെസിയും (72) അവസാനം വരെ പൊരുതി കൂറ്റൻ തോൽവി ഒഴിവാക്കുകയായിരുന്നു.അവസാന ഓവറിൽ ജയിക്കാൻ 38 റൺസ്​ വേണ്ടിയിരുന്ന ചെന്നൈക്കായി ധോണി മൂന്ന്​ സിക്​സറുകൾ പറത്തിയെങ്കിലും ടീമിന്​ തോൽവി വഴങ്ങേണ്ടി വന്നു.

ചെന്നൈയ്ക്ക് മുരളി വിജയ്​യും (21) ഷെയ്​ൻ വാട്​സണും (33) ചേർന്ന്​ മികച്ച തുടക്കം നൽകിയിരുന്നു. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന്​ 56 റൺസ്​ ചേർത്തു. ശേഷം ക്രീസിലെത്തിയവരിൽ ആർക്കും വേണ്ട വിധം തിളങ്ങാനായില്ല. സാം കറൻ (17), റുതുരാജ്​ ഗെയ്​ക്​വാദ്​(0), കേദാർ ജാദവ്​ (22) എന്നിവരാണ്​ മടങ്ങിയത്.

അവസാന മൂന്നോവറിൽ ചെന്നൈക്ക്​ ജയിക്കാൻ 20 റൺസ്​ വീതം നേടേണ്ടിയിരുന്നു.19ാം ഓവറിൽ ആർച്ചറുടെ പന്തിൽ സഞ്​ജുവിന് കൈപ്പിടിയിൽ ഒതുങ്ങി​ ഡുപ്ലെസി മടങ്ങിയതോടെ ചെന്നൈ തോൽവി ഉറപ്പിക്കുകയായിരുന്നു.​ക്രീസിലുണ്ടായിരുന്ന നായകൻ ധോണിക്കും ടീമിനെ വിജയത്തിൽ എത്തിക്കാനായില്ല.

നേരത്തെ മലയാളി താരം സഞ്ജു സാംസണിന്റെ മികവിൽ 7 വിക്കറ്റ് നഷ്ടത്തിൽ 216 റൺസിന്റെ കൂറ്റൻ സ്കോർ സ്വന്തമാക്കിയാണ് രാജസ്ഥാൻ ചെന്നൈയെ ബാറ്റിങ്ങിന് അയച്ചത്. എന്നാൽ 20 ഓവർ പൂർത്തിയാകുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് എത്തി നിൽക്കെ ചെന്നൈ വീണു പോവുകയായിരുന്നു.

ആദ്യ വിക്കറ്റിൽ അർധ സെഞ്ചുറി കൂട്ടുകെട്ടുമായി മുരളി വിജയും ഷെയ്ൻ വാട്സണും മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് നൽകിയത്. എന്നാൽ മികച്ച ഫോമിൽ കളിച്ച വാട്സണെ പുറത്താക്കി സ്പിന്നർ തെവാട്ടിയ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ മുരളി വിജയും പുറത്തായി. ശ്രേയസ് ഗോപാലിനാണ് വിക്കറ്റ്. വിജയ് 21 റൺസും വാട്സൺ 33 റൺസുമെടുത്തു. പിന്നാലെ വന്ന ക്യാപ്റ്റൻ ധോണി അടക്കമുള്ള മറ്റ് ബാറ്റ്സ്മാൻമാർക്കും കാര്യമായ സംഭാവനകൾ നൽകാനായില്ല.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് തകർച്ചയോടെ തുടങ്ങി എങ്കിലും പിന്നീട് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 216 റൺസ്‌ എടുത്താണ് കളം വിട്ടത്. ഓപ്പണറായി അരങ്ങേറ്റം കുറിച്ച യശസ്വി ജയ്സ്വാൾ ആറുറൺസെടുത്ത് മടങ്ങിയതോടെ രാജസ്ഥാൻ പ്രതിസന്ധിയിലായിരുന്നു. എന്നാൽ, പിന്നീട് ക്രീസിലെത്തിയ മലയാളിതാരം സഞ്ജു സാംസൺ അനായാസേന പന്തുകൾ ബൗണ്ടറിയിലേക്ക് പായിക്കാൻ തുടങ്ങിയതോടെ രാജസ്ഥാൻ സ്കോർബോർഡ് കുതിക്കാൻ തുടങ്ങി. ചെന്നൈ സൂപ്പർ കിങ്സ് ബൗളർമാരെ നിർദാക്ഷിണ്യം പ്രഹരിച്ച സഞ്ജു 19 ബോളുകളിൽ നിന്നും അർധസെഞ്ചുറി കണ്ടെത്തി.

ഒടുവിൽ 32 പന്തിൽ നിന്നും 74 റൺസ് നേടി സഞ്ജു പുറത്താകുമ്പോൾ സ്കോർബോർഡ് 11 -ൽ നിന്നും 132-ൽ എത്തിയിരുന്നു. ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തിനൊപ്പം സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയാണ് സഞ്ജു ക്രീസ് വിട്ടത്. സഞ്ജുവാണ് റോയൽസിന്റെ ടോപ് സ്കോറർ. പിന്നാലെ രാജസ്ഥാനിൽ ആദ്യമായി കളിക്കാനെത്തിയ വെടിക്കെട്ട് താരം ഡേവിഡ് മില്ലറും പുറത്തായി. ഒരു ബോൾ പോലും നേരിടാതെ റൺഔട്ട് ആകുകയായിരുന്നു താരം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്നും ഈ സീസണിൽ രാജസ്ഥാനിലെത്തിയ റോബിൻ ഉത്തപ്പയ്ക്കും തിളങ്ങാനായില്ല. അഞ്ച് റൺസാണ് താരത്തിന്റെ സമ്പാദ്യം.

47 പന്തിൽ നിന്നും 69 റൺസെടുത്ത് 19-ാം ഓവറിലാണ് സ്മിത്ത് പുറത്തായത്. അവസാന ഓവറിൽ ജോഫ്ര ആർച്ചർ നടത്തിയ വെടിക്കെട്ട് പ്രകടനമാണ് രാജസ്ഥാൻ റോയൽസിനെ 200 കടത്തിയത്. എൻഗിഡി എറിഞ്ഞ അവസാന ഓവറിൽ തുടർച്ചയായി നാല് സിക്സറുകൾ നേടിയ ആർച്ചർ രാജസ്ഥാൻ സ്കോർ 200 കടത്തി. എട്ടു പന്തുകളിൽ നിന്നും ആർച്ചർ പുറത്താകാതെ 27 റൺസ് നേടി. അവസാന ഓവറിൽ 30 റൺസാണ് എൻഗിഡി വഴങ്ങിയത്. ചെന്നൈ സൂപ്പർ കിങ്സിനുവേണ്ടി സാം കറൻ നാലോവറിൽ 33 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റുകൾ നേടി.

Exit mobile version