ക്രിക്കറ്റ് ആരവം തിരിച്ചുവരുന്നു; ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്ക് നാളെ തുടക്കം

സതാംപ്ടന്‍: കൊവിഡ് മഹാമാരിയ്ക്കിടെ ക്രിക്കറ്റും തിരിച്ചുവരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിന് ബുധനാഴ്ച ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയോടെ തുടക്കമാവും. കൊവിഡ് കാലത്തെ ആദ്യത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരമാണ് ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ നടക്കുക.

ആതിഥേയരായ ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റോടെയാണ് ക്രിക്കറ്റ് വീണ്ടും സജീവമാവുന്നത്. മൂന്നു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യത്തെ മല്‍സരമാണ് ബുധനാഴ്ച ആരംഭിക്കുന്നത്. കൊവിഡ് ഭീഷണി പൂര്‍ണമായി ഒഴിഞ്ഞിട്ടില്ലാത്തതിനാല്‍ നിര്‍ദ്ദേശങ്ങളൊക്കെ പാലിച്ച് കാണികളില്ലാതെ അടച്ചിട്ട സ്റ്റേഡിയത്തിലാണ് പരമ്പര നടക്കുന്നത്.

വെസ്റ്റ് ഇന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനം നാളെ മുതല്‍ ആരംഭിക്കും. വിന്‍ഡീസ് താരങ്ങള്‍ വളരെ മുന്‍പ് തന്നെ എത്തി പരിശീലനം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെയും പ്രഖ്യാപിച്ചു.

ആളില്ലാത്ത സ്റ്റേഡിയത്തില്‍ നടത്തുന്ന മത്സരങ്ങള്‍ കളിക്കാര്‍ക്ക് വിരസമാവാതിരിക്കാന്‍ കാണികളുടെ റെക്കോര്‍ഡഡ് ആരവവും പാട്ടും കേള്‍പ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. കൊറോണ ഇടവേളക്ക് ശേഷം ശൂന്യമായ സ്റ്റേഡിയങ്ങളില്‍ പുനരാരംഭിച്ച ഫുട്‌ബോള്‍ മത്സരങ്ങളില്‍ പരീക്ഷിച്ച അതേ ആശയമാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും പരീക്ഷിക്കാനൊരുങ്ങുന്നത്. ഇതിന് താരങ്ങള്‍ സമ്മതം മൂളിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചിരുന്നു. ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ അഭാവത്തില്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് ആണ് ഇംഗ്ലണ്ട് സംഘത്തെ നയിക്കുക. തനിക്ക് കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്നാണ് ജോ റൂട്ട് ആദ്യ ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡും ടീമില്‍ ഉണ്ടായേക്കില്ലെന്ന് സൂചനയുണ്ട്.

ഈ മാസം 16, 24 എന്നീ തിയതികള്‍ അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ കൂടി നടക്കും. നാളത്തെ മത്സരം സതാംപ്ടണിലും രണ്ടും മൂന്നും മത്സരങ്ങള്‍ മാഞ്ചസ്റ്ററിലുമാണ് നടത്തുക. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം.

Exit mobile version