സൗഹൃദമത്സരം: 21 വര്‍ഷത്തിനു ശേഷം ഇന്ത്യയും ചൈനയും നേര്‍ക്കുനേര്‍; ഒളിംപിക് സ്‌പോര്‍ട്‌സ് സെന്ററില്‍ ചരിത്രം തിരുത്താന്‍ ഇന്ത്യ!

21 വര്‍ഷം മുമ്പ് നെഹ്‌റു കപ്പില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും അവസാനമായി നേര്‍ക്കുനേര്‍ വന്നത്.

ബീജിങ്: നീണ്ട ഇരുപത്തിയൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരു ഇന്ത്യ ചൈന ഫുട്‌ബോള്‍ പോരാട്ടം. ചൈനീസ് നഗരമായ സുഴുവിലെ ഒളിംപിക് സ്‌പോര്‍ട്‌സ് സെന്റര്‍ സ്‌റ്റേഡിയത്തിലാണ് ഇന്ത്യാചൈന സൗഹൃദ മത്സരം.

21 വര്‍ഷം മുമ്പ് നെഹ്‌റു കപ്പില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും അവസാനമായി നേര്‍ക്കുനേര്‍ വന്നത്. അന്ന് ഒന്നിനെതിരെ രണ്ടു ഗോളിന് ചൈന ജയിച്ചിരുന്നു.

റാങ്കിങില്‍ 67ാമതുള്ള ചൈനയ്ക്ക് 97ാമതുള്ള ഇന്ത്യ കടുത്ത വെല്ലുവിളിയാകും ഉയര്‍ത്തുക. സമീപകാലത്ത് ഇന്ത്യ നടത്തിയ മികച്ച പ്രകടനവും താരങ്ങളുടെ ഫോമും ചൈനയ്ക്ക് വെല്ലുവിളിയാകും.

സസ്‌പെന്‍ഷന്‍ മൂലം ഖസാക്കിസ്ഥാനെതിരായ മത്സരം നഷ്ടമായ മുന്നേറ്റതാരം സുനില്‍ ഛേത്രിയും പ്രിതം കോട്ടലും തിരിച്ചെത്തുമെന്നത് ഇന്ത്യന്‍ ക്യാംപിന് ആശ്വാസം പകരും. എന്നാല്‍ ഭല്‍വന്ത് സിങ് കളിക്കില്ല.

മുന്നേറ്റത്തില്‍ ജെജെയ്‌ക്കൊപ്പം ഛേത്രിയും ചേരുന്നതോടെ ആക്രമണത്തിന്റെ മൂര്‍ച്ച കൂടും. മധ്യനിരയില്‍ ഉദാന്ത സിങിനും നിഖില്‍ പൂജാരിക്കുമൊപ്പം മലയാളിതാരം ആഷിഖ് കരുണിയനും അവസരം ലഭിച്ചേക്കും. പ്രിതം കൊട്ടാലിനും സന്ദേശ് ജിങ്കാനുമാകും പ്രതിരോധച്ചുമതല. പരുക്കേറ്റ അനസ് എടത്തൊടിക കളിക്കുമോയെന്നതില്‍ പരിശീലകന്‍ ഉറപ്പു നല്‍കിയിട്ടില്ല.

ചൈനീസ് നിരയില്‍ പരുക്കേറ്റ ഴാങ് ലിന്‍പെങും പിയോ ചെങും ഇന്ത്യക്കെതിരെ കളിക്കില്ല. മുതിര്‍ന്ന താരങ്ങളായ ളെങ് സി, ചി ഴൊങുവോ, യുഹി എന്നിവരും ഇന്ത്യയ്‌ക്കെതിരെ കളിക്കില്ല. പകരം യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനാണ് സാധ്യത.

ചൈനയ്ക്ക് മുന്നില്‍ കരുത്ത് തെളിയിക്കുക മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചിനാണ് മത്സരം.

Exit mobile version