ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനം; ടിക്കറ്റ് 17 മുതല്‍

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ചാണ് ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് പോരാട്ടം നടക്കുക.

തിരുവനന്തപുരം: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന്റെ ടിക്കറ്റ് വില്‍പ്പന ഈ മാസം 17-ന് ആരംഭിക്കും. നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ചാണ് ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് പോരാട്ടം നടക്കുക.

പേടിഎമ്മുമായി സഹകരിച്ച് ഓണ്‍ലൈന്‍ വഴി വില്‍ക്കുന്ന ടിക്കറ്റ് 1000,2000,3000 എന്നീ നിരക്കുകളില്‍ ലഭ്യമാണ്. വിദ്യാര്‍ഥികള്‍ക്കും ക്ലബ്ബുകള്‍ക്കും 1000 രൂപാ ടിക്കറ്റില്‍ 50% ഇളവ് ലഭിക്കും. സ്‌പോര്‍ട്‌സ് ഹബ്ബിന്റെ മുകളിലെ നിരയിലെ ടിക്കറ്റ് നിരക്കാണ് 1000 രൂപ. താഴത്തെ നിരയില്‍ 2000,3000, 6000 എന്നിങ്ങനെയാണ് നിരക്ക്. ഇതില്‍ 6000 രൂപയുടെ ടിക്കറ്റുകള്‍ ഭക്ഷണമുള്‍പ്പെടെയാണ്. വരുമാനത്തില്‍ നിന്നുളള ലാഭവിഹിതത്തില്‍ നിന്ന് ഒരു നിശ്ചിത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് കെസിഎ ഉറപ്പു നല്‍കിയിട്ടുണ്ട്.

ഏകദിന പരമ്പരയിലെ അഞ്ചാമത്തെ മത്സരമാണ് കാര്യവട്ടത്ത് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരേ നടന്ന ടിട്വന്റി മത്സരത്തിനു ശേഷം ഇതാദ്യമായാണ് കാര്യവട്ടത്ത് ഒരു അന്താരാഷ്ട്ര മത്സരം വരുന്നത്. ഓണ്‍ലൈനായിട്ട് ടിക്കറ്റ് ബുക്ക് ചെയ്യുന്നയാളുകള്‍ക്ക് ബുക്ക് ചെയ്തത്തിന്റെ പ്രിന്റ് ഉപയോഗിച്ചോ ഫോണിലെ ടിക്കറ്റ് പകര്‍പ്പ് ഉപയോഗിച്ചോ അകത്തേക്ക് പ്രവേശിക്കാം.

Exit mobile version