കവിളത്തൊരു ഉമ്മ നല്‍കണം;സെല്‍ഫിയുമെടുക്കണം! കോഹ്‌ലിയോടുള്ള ആരാധന മൂത്ത് യുവാവ് മൈതാനത്തേക്ക് ഓടിക്കയറി; സുരക്ഷാ വീഴ്ചയില്‍ പകച്ച് താരങ്ങള്‍

ഇന്ത്യ വിന്‍ഡീസ് രണ്ടാം ടെസ്റ്റിനിടെയാണ് മൈതാനത്ത് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ഹൈദരാബാദ്: വീണ്ടും മൈതാനത്തേക്ക് ആരാധകന്‍ ഓടിക്കയറി താരങ്ങളുടെ സുരക്ഷയെ വെല്ലുവിളിച്ചു. ഇന്ത്യ വിന്‍ഡീസ് രണ്ടാം ടെസ്റ്റിനിടെയാണ് മൈതാനത്ത് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മത്സരം നടന്നുകൊണ്ടിരിക്കെ സുരക്ഷാ ജീവനക്കാരുടെ വലയം ഭേദിച്ച് മൈതനാത്തേക്ക് യുവാവ് ഓടിക്കയറിയതാണ് നാടകീയ സംഭവങ്ങള്‍ക്ക് വഴിതെളിയിച്ചത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയോടുള്ള ആരാധനമൂത്തായിരുന്നു യുവാവ് മൈതാനത്തേക്കെത്തിയതെന്നാണ് പോലീസ് പറയുന്നത്.

ബാരിക്കേഡ് മറികടന്നെത്തിയ യുവാവ് 70 മീറ്ററോളം മുന്നോട്ട് വന്നാണ് വിരാട് കോഹ്ലിയുടെ അടുത്തെത്തിയത്. താരത്തിനൊപ്പം സെള്‍ഫിയെടുക്കാനെത്തിയ യുവാവ് വിരാടിനെ കെട്ടിപ്പിടിക്കാനും കവിളില്‍ ഉമ്മ നല്‍കാനും ശ്രമിച്ചെങ്കിലും താരം ഒഴിഞ്ഞ് മാറി.

സെക്യൂരിറ്റി ജീവനക്കാരെത്തി യുവാവിനെ മടക്കുന്നതിനു മുമ്പ് വിരാട് ആരാധകനൊപ്പം സെല്‍ഫിയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. നേരത്തെ രാജ്കോട്ടില്‍ നടന്ന ഒന്നാം ടെസ്റ്റിനിടയിലും സമാന സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. അന്ന രണ്ട് യുവാക്കളാണ് കോഹ്ലിക്കൊപ്പം സെല്‍ഫിയെടുക്കാനായി എത്തിയത്.

അതേസമയം രണ്ടാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത വിന്‍ഡീസ് മുന്‍ നിര തകര്‍ന്നിരിക്കുകയാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 94 ന് നാല് എന്ന നിലയിലാണ് വിന്‍ഡീസ്. കുല്‍ദീപ് യാദവിനാണ് രണ്ടു വിക്കറ്റുകള്‍ അശ്വിനും ഉമേഷ് യാദവും ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

Exit mobile version