എതിരാളികളെ ബഹുമാനിക്കാത്ത ഈ മത്സരം ഫുട്‌ബോളല്ല; എതിരാളികളെ 27 ഗോളുകൾക്ക് നിലംപരിശാക്കിയ ടീമിന്റെ കോച്ചിനെ പുറത്താക്കി മാനേജ്‌മെന്റ്

ടസ്‌കാനി: ഫുട്‌ബോൾ മ്‌സരത്തിൽ എതിരാളികൾക്ക് ഒരു അവസരവും നൽകാതെ 27 ഗോളിന് തോൽപ്പിച്ചാൽ ക്ലബ് ഉടമകൾ ടീമിനും കോച്ചിനും എന്ത് സമ്മാനമായിരിക്കും നൽകുക എന്ന ചോദ്യത്തിന് ഒടുവിൽ ഉത്തരമായി. ഇത്തരത്തിൽ ഒരു ടീമിനെ ഒരു അവസരവും നൽകാതെ തോൽപ്പിച്ചാൽ കോച്ചിന് സ്ഥാന നഷ്ടമായിരിക്കും സമ്മാനമെന്ന് ഇറ്റലിയിലെ ഈ മത്സരം തെളിയിക്കുന്നു. വമ്പൻ വിജയം സ്വന്തമാക്കി ടീമിനെ ഉയർത്തി കാണിച്ചതിന് പരിശീലകനെ പുറത്താക്കിയിരിക്കുകയാണ് അണ്ടർ 18 ടീമായ ഇൻവിക്റ്റാസൗരോ.

ഇറ്റലിയിലെ ടസ്‌കനിയിലെ ഗ്രൊസെറ്റോ എന്ന പ്രദേശത്തെ പ്രാദേശിക ഒഫുട്‌ബോൾ ക്ലബാണ് ഇൻവിക്റ്റാസൗരോ. അണ്ടർ 18 ടീമായ ഇൻവിക്റ്റാസൗരോയും മരിന കാൽസിയോയും തമ്മിൽ കഴിഞ്ഞദിവം നടന്ന മത്സരത്തിൽ മാസിമിലിയാനോ റിസ്സിനി പരിശീലിപ്പിച്ച ഇൻവിക്റ്റാസൗരോ 27-0ന് വിജയിച്ചിരുന്നു. മരിന കാൽസിയോ ടീമിന് ഒരു ഗോൾ പോലും മടക്കാൻ സാധിച്ചതുമില്ല.

അതേസമയം, ടീം മിന്നും വിജയം സ്വന്തമാക്കിയതിന് പിന്നാലെ പരിശീലകനായ മാസിമിലിയാനോ റിസ്സിനിയെ ടീം മാനേജ്‌മെന്റ് പുറത്താക്കി മരിന ടീമിനോട് മാപ്പും ചോദിച്ചാണ് ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ചത്. ടീം പ്രസിഡന്റായ പൗലോ ബ്രോഗെലി നേരിട്ടെത്തിയാണ് കോച്ചിനെ പുറത്താക്കിയതായി പ്രഖ്യാപിച്ചത്. ഫുട്ബോൾ ഇതല്ലെന്നും എതിരാളികളെ കൂടി ബഹുമാനിക്കുന്നതാകണം മത്സരങ്ങളെന്നും കോച്ചിനെ പുറത്താക്കിയ ശേഷം അദ്ദേഹം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു.

Exit mobile version