ക്രിക്കറ്റിനെ തളർത്തി അഴിമതി ആരോപണങ്ങൾ; ഒടുവിൽ ഒത്തുകളി ക്രിമിനൽ കുറ്റമാക്കി ശ്രീലങ്ക;10 വർഷം തടവും കോടികൾ പിഴയും

കൊളംബോ: രാജ്യത്തെ ക്രിക്കറ്റിനെ അഴിമതി ആരോപണങ്ങൾ തളർത്തുന്നതിനിടെ ദേശീയ ടീമിനെ ക്ലീനാക്കാൻ പുതിയ നടപടികളുമായി ശ്രീലങ്ക. ഇതിന്റെ ഭാഗമായി ഒത്തുകളി രാജ്യത്ത് ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ചു. വിഷയം സംബന്ധിച്ച ബിൽ കായിക മന്ത്രി ഹരിൻ ഫെർണാണ്ടോ തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചു. നിയമം ലംഘിക്കുന്നവർക്ക് 10 വർഷം ജയിൽശിക്ഷയും നാലു കോടിയോളം രൂപ പിഴയും ചുമത്താനാണ് തീരുമാനം.

മുൻ ശ്രീലങ്കൻ ക്യാപ്റ്റനും ക്യാബിനറ്റ് മന്ത്രിയുമായ അർജുന രണതുംഗ ബില്ലിനെ പിന്തുണച്ചു. കായികവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്ന ബില്ലിന്റെ മൂന്നു വായനകളും പാർലമെന്റ് പാസാക്കി. ഒത്തുകളിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തികളും ഇതോടെ ക്രിമിനൽ കുറ്റമായി.

ബിൽ അനുസരിച്ച്, വാതുവെയ്പ്പുകാർ സമീപിക്കുന്നത് റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെടുന്നത് ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തികളും കുറ്റകരമാകും. ഇതോടെ ഇക്കാര്യങ്ങൾ ലങ്കൻ താരങ്ങൾ ഐസിസിയുടെ അഴിമതി വിരുദ്ധ യൂണിറ്റിന് ഒപ്പം ശ്രീലങ്കൻ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ യൂണിറ്റിനും റിപ്പോർട്ടു ചെയ്യേണ്ടിവരും.

Exit mobile version