ചതിച്ചത് ഇന്ത്യക്കാരൻ; ബംഗ്ലാദേശിൽ ഷാക്കിബ് യുഗത്തിന് അവസാനമോ; വാതുവെയ്പ് കേസിൽ ഷാക്കിബ് അൽ ഹസന് വിലക്ക്

ധാക്ക: വളർന്നുവരുന്ന ബംഗ്ലാദേശ് ക്രിക്കറ്റിന് കനത്ത തിരിച്ചടിയായി സൂപ്പർതാരം ഷാക്കിബ് അൽ ഹസന് ലഭിച്ച വിലക്ക്. വാതുവെയ്പുകാരനുമായി ബന്ധപ്പെട്ട സംഭവത്തിൽ ഷാക്കിബിനെ രണ്ടുവർഷത്തേക്കാണ് ഐസിസി വിലക്കിയിരിക്കുന്നത്. എന്നാൽ താരത്തിന് ആജീവനാന്തവിലക്ക് ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ഐസിസി ആലോചിക്കുന്നുണ്ട് എന്നാണ് വാർത്തകൾ.

‘ഇത്തവണ നമ്മൾ പണി തുടങ്ങുന്നുണ്ടോ? അതോ ഐപിഎൽ വരെ കാത്തിരിക്കണോ?- എന്ന ഇന്ത്യക്കാരനായ വാതുവെയ്പുകാരൻ ദീപക് അഗർവാളിന്റെ വാട്‌സ്ആപ്പ് സന്ദേശമാണ് ഷാക്കിബിനെ കുരുക്കിയത്. വാതുവയ്പു നീക്കത്തെക്കുറിച്ച് അറിഞ്ഞിട്ടും അക്കാര്യം ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗത്തെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഷാക്കിബിന് വിലക്ക്. ദീപക് അഗർവാൾ ടീമുമായി ബന്ധപ്പെട്ട വിവരങ്ങൾ ‘ചോർത്തുന്നതിന്’ മൊബൈലിൽ ഷാക്കിബിന് നിരന്തരം സന്ദേശങ്ങൾ അയച്ചിരുന്നു. ഇതിൽ പല സന്ദേശങ്ങളും പിന്നീട് മൊബൈലിൽനിന്ന് നീക്കം ചെയ്തതായും ഷാക്കിബ് ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗത്തിനു മുമ്പാകെ സമ്മതിച്ചു.

ഇതോടെ ഇന്ത്യൻ പര്യടനത്തിന് ഷാക്കിബ് കളിച്ചേക്കില്ലെന്നാണ് സൂചന. നേരത്തെ ഷാക്കിബിനെ ടീമിൽ ഉൾപ്പെടുത്താത്തത് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും താരങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ മൂലമാണെന്നായിരുന്നു നിഗമനം. എന്നാൽ ബംഗ്ലാദേശിലെ പ്രമുഖ പത്രമായ സമകാൽ ഷാക്കിബിന്റെ വാതുവെയ്പ് ബന്ധം പുറത്തുവിടുകയായിരുന്നു.

ഈ റിപ്പോർട്ട് പ്രകാരം രണ്ട് വർഷം മുമ്പ് നടന്ന ഒരു അന്താരാഷ്ട്ര മത്സരത്തിനിടെ, വാതുവെയ്പ്പ് സംഘം ഷാക്കിബിനെ സമീപിച്ചിരുന്നെന്നും ഇത് ഷാക്കിബ് ഐസിസിയുടെ അഴിമതിവിരുദ്ധ സംഘത്തെ അറിയിച്ചില്ലെന്നുമാണ് വിവരം.

Exit mobile version