പദവി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി; ക്രിക്കറ്റ് നടക്കുമ്പോൾ ‘വാട്ടർ ബോയ്’ ആകാനും മടിയില്ല; ഹൃദയം കീഴടക്കി സ്‌കോട്ട് മോറിസൺ

കാൻബറ: ശ്രീലങ്കൻ ടീമിന്റെ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ ക്രിക്കറ്റ് ലോകവും രാഷ്ട്രീയലോകവും സാക്ഷ്യം വഹിച്ചത് ഹൃദയം കീഴടക്കുന്ന കാഴ്ചയ്ക്കായിരുന്നു. ഞായറാഴ്ച ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയ്ക്കായി ഓസ്ട്രേലിയയിലെത്തിയതാണ് ശ്രീലങ്കൻ ടീം. പരമ്പരയ്ക്ക് മുന്നോടിയായി പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായി വ്യാഴാഴ്ച സന്നാഹ മത്സരമുണ്ടായിരുന്നു. ഈ മത്സരമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.

ഓസീസ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണാണ് ഈ മത്സരത്തിനിടെ താരമായത്. മത്സരത്തിനിടയിൽ ഓസീസ് ടീമിന് കുടിക്കാനുള്ള വെള്ളവുമായി ഗ്രൗണ്ടിലെത്തിയത് സ്‌കോട്ട് മോറിസണായിരുന്നു. കാൻബറയിൽ നടന്ന മത്സരത്തിനിടെ പ്രൈം മിനിസ്റ്റേഴ്സ് ഇലവനിലെ ഡാനിയൽ ഫാളിൻസ് ലങ്കൻ താരം ദസുൻ ഷാനകയെ പുറത്താക്കിയതിനു പിന്നാലെയാണ് മോറിസൺ തന്റെ ടീമിലെ കളിക്കാർക്കുള്ള വെള്ളവുമായി ഗ്രൗണ്ടിലിറങ്ങിയത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ മനംകവരുകയും ചെയ്തു.

ചിത്രങ്ങൾ പുറത്തെത്തിയതോടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ പ്രശംസ പിടിച്ചുപറ്റുകയാണ് ഓസീസ് പ്രധാനമന്ത്രി. ആവേശകരമായ മത്സരത്തിൽ ഒരു പന്തു ശേഷിക്കെ പ്രധാനമന്ത്രിയുടെ ടീം വിജയം പിടിച്ചെടുക്കുകയും ചെയ്തു.

Exit mobile version