രോ’ഹിറ്റ്’, ആദ്യ ഇരട്ട സെഞ്ച്വറിയുമായി രോഹിത്; ഏകദിനം ഓർമ്മിച്ച് രോഹിത്-രഹാനെ പ്രകടനം; ഗംഭീര തിരിച്ചുവരവ്

റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടെസ്റ്റിൽ ടോസ് ഒപ്പം നിന്നെങ്കിലും തൊട്ടതെല്ലാം പിഴയ്ക്കുന്ന ഒരു ഘട്ടത്തിലായിരുന്ന ഇന്ത്യ. വെളിച്ചക്കുറവും തുടർച്ചയായി കാലിടറുന്ന ബാറ്റ്‌സ്മാൻമാരും എല്ലാം ചേർന്ന് ഒരു ദുരന്തത്തിലേക്ക് പോയി കൊണ്ടിരുന്ന ഇന്ത്യയെ തിരിച്ചുകയറ്റി രോഹിത് ശർമ്മയുടെ കിടിലൻ ഇന്നിങ്‌സ്. കരിയറിലെ ആദ്യ ഡബിൾ സെഞ്ച്വറി നേടിയാണ് റാഞ്ചി ടെസ്റ്റിൽ രോഹിത് ഇന്ത്യയെ തകർച്ചയിൽ നിന്നും രക്ഷിച്ചത്. ടെസ്റ്റ് ഫോർമാറ്റിൽ നിന്നും വ്യതിചലിച്ച് ഏകദിന മാതൃകയിലായിരുന്നു രോഹിത്തിന്റെ ബാറ്റിങ്.

ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 199 റൺസെടുത്തു നിന്ന രോഹിത് തിരിച്ചുവന്ന് ഇരട്ടസെഞ്ച്വറി പൂർത്തിയാക്കി വിക്കറ്റും നൽകി മടങ്ങുകയും ചെയ്തു. 255 പന്തിൽ 28 ഫോറും ആറ് സിക്സറും അടക്കമാണ് രോഹിത് 212 റൺസെടുത്തത്. ഒടുവിൽ റബാദയുടെ പന്തിൽ ഡീപ് ഫൈൻ ലെഗ്ഗിൽ ലുംഗി എൻഗിഡിക്ക് ക്യാച്ച് നൽകി മടങ്ങുമ്പോൾ ഇന്ത്യയ്ക്ക് നിരാശയായിരുന്നില്ല, ആശ്വാസം തന്നെയായിരുന്നു ആ ഇന്നിങ്‌സിൽ.

രോഹിത്തിനു പുറമേ സെഞ്ച്വറി നേടിയ അജിൻക്യ രഹാനെ(115)യുടെ ഇന്നിങ്‌സും ഇന്ത്യയ്ക്ക് കരുത്തായി. 192 പന്തിൽ 17 ഫോറും ഒരു സിക്സറും അടക്കമാണ് രഹാനെ കരിയറിലെ 11-ാം സെഞ്ചുറി നേടിയത്. ജോർജ് ലിൻഡെയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഹെന്റിച്ച് ക്ലാസന് ക്യാച്ച് നൽകി രഹാനെ മടങ്ങുമ്പോൾ നാലാം വിക്കറ്റിൽ രോഹിത്തിനെ കൂട്ടുപിടിച്ച് 261 റൺസ് പടുത്തുയർത്തിയിരുന്നു. ലിൻഡെയുടെ ആദ്യ ടെസ്റ്റ് വിക്കറ്റും ക്ലാസന്റെ ആദ്യ ക്യാച്ചുമാണിത്. ഇരുവരുടെയും അരങ്ങേറ്റ മത്സരമാണിത്. ലഞ്ചിനു ശേഷം രവീന്ദ്ര ജഡേജയും (28) വൃദ്ധിമാൻ സാഹയും(11) ക്രീസിൽ നിൽക്കേ ഇന്ത്യൻ സ്‌കോർ അഞ്ച് വിക്കറ്റിന് 395 എന്ന നിലയിലാണ്. മഴയെത്തുടർന്ന് ആദ്യ ദിനത്തിലെ 30 ഓവറോളം വെട്ടിച്ചുരുക്കിയ മത്സരമാണ് തുടരുന്നത്.

Exit mobile version