ടെസ്റ്റ് നെറുകയിൽ ഒന്നാമത് തന്നെ; വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ഇന്ത്യ; കൂറ്റൻ വിജയം

രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയ രോഹിത് ശർമ്മയുടെയും ഇരട്ട സെഞ്ചുറി നേടിയ മായങ്ക് അഗർവാളിന്റെയും ബാറ്റിങ് കരുത്തിലും

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയെ തകർത്ത് തരിപ്പണമാക്കി വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ ജയം. ബാറ്റിങിലും ബോളിങിലും മികച്ചുനിന്ന ടീം ഇന്ത്യ 203 റൺസിനാണ് വിജയം കൈപ്പിടിയിൽ ഒതുക്കിയത്. ഇതോടെ ഇന്ത്യയുടെ ടെസ്റ്റ് റാങ്കിങിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാനുമായി. രണ്ടാം ഇന്നിങ്‌സിൽ വിജയലക്ഷ്യമായ 395 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്ക 191 റൺസിൽ പുറത്തായി.

ടെസ്റ്റിലാദ്യമായി ഓപ്പണറായി ഇറങ്ങി രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയ രോഹിത് ശർമ്മയുടെയും ഇരട്ട സെഞ്ചുറി നേടിയ മായങ്ക് അഗർവാളിന്റെയും ബാറ്റിങ് കരുത്തിലും ആർ അശ്വിൻ- രവീന്ദ്ര ജഡേജ- മുഹമ്മദ് ഷമി എന്നിവരുടെ ബോളിങ് പ്രകടനവുമാണ് ഇന്ത്യയെ പരമ്പരയിൽ 1-0ന് മുന്നിലെത്തിച്ചത്. ദക്ഷിണാഫ്രിക്കയുടെ വാലറ്റമായ ഒമ്പതാം വിക്കറ്റിൽ 91 റൺസ് കൂട്ടിച്ചേർത്ത മുത്തുസ്വാമി-പീറ്റ് സഖ്യമാണ് ഇന്ത്യൻ ജയപ്രതീക്ഷകൾ വൈകിപ്പിച്ചത്.സ്‌കോർ: ഇന്ത്യ- 502/7, 323/4. ദക്ഷിണാഫ്രിക്ക- 431/10, 191/10.

പേസർ മുഹമ്മദ് ഷമി അഞ്ചും സ്പിന്നർ രവീന്ദ്ര ജഡേജ നാലും വിക്കറ്റ് വീഴ്ത്തി. ഷമി വിക്കറ്റ് തെറിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ജഡേജ എൽബിയിലാണ് നോട്ടമിട്ടത്. ഒരു വിക്കറ്റിന് 11 റൺസെന്ന നിലയിൽ അവസാന ദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ഇതോടെ 20 റൺസിനിടെ മൂന്നും 70 റൺസിനിടെ എട്ട് വിക്കറ്റും നഷ്ടമായി.

Exit mobile version