ചുവടുകൾ വെറും 47; ലോകത്തെ വേഗരാജാവായി കോൾമാൻ; നിറംമങ്ങി ഗാട്‌ലിൻ

ഫൈനലിൽ 100 മീറ്റർ ദൂരം കോൾമാൻ പിന്നിട്ടത് വെറും 9.76 സെക്കന്റിലാണ്.

ദോഹ: അട്ടിമറികളൊന്നും സംഭവിച്ചില്ല ദോഹയിലെ വേഗതയുടെ കലാശ പോരിൽ വിജയിയായി അമേരിക്കയുടെ ക്രിസ്റ്റിയൻ കോൾമാൻ. വേഗതയുടെ രാജാവ് ബോൾട്ട് അരങ്ങൊഴിഞ്ഞ 100 മീറ്റർ ട്രാക്കിൽ 47 ചുവടുകൊണ്ട് ക്രിസ്റ്റ്യൻ കോൾമൻ ലോകത്ത് അടുത്തൊന്നും ആരും വെല്ലുവിളി ഉയർത്താത്ത ഉയരത്തിൽ വേഗതയെ പുൽകി. ഫൈനലിൽ 100 മീറ്റർ ദൂരം കോൾമാൻ പിന്നിട്ടത് വെറും 9.76 സെക്കന്റിലാണ്.

ഹീറ്റ്‌സിൽ 9.98 ഉം, സെമിയിൽ 9.88 ഉം സെക്കൻഡിൽ ഫിനിഷ് ചെയ്ത കോൾമാൻ കരിയറിലെ ഏറ്റവും മികച്ച സമയം കൂടിയാണ് ഫൈനലിൽ കുറിച്ചത്. അടുത്ത വർഷത്തെ ടോക്കിയോ ഒളിംപിക്‌സിലെ 100 മീറ്ററിൽ ഫേവറിറ്റും ആയി മാറാൻ കോൾമാന് സാധിച്ചു.

വിജയപ്രതീക്ഷയിൽ മുന്നിലുണ്ടായിട്ടും ചാമ്പ്യൻഷിപ്പിൽ വേണ്ടത്ര കുതിപ്പ് കാണിക്കാതെ പോയ 37കാരനായ ജസ്റ്റിൻ ഗാട്ലിൻ ഫൈനലിൽ 9.89 സെക്കന്റിൽ കോൾമാന് പിന്നിലെത്തി. അതേസമയം, പരിക്കുകൾ വേട്ടയാടിയ വർഷങ്ങൾ മറക്കാൻ ആന്ദ്രേ ഡി ഗ്രാസിന് തിളക്കമേറെയുള്ള വെങ്കലവും ലഭിച്ചു.

ഇതിനിടെ ഇന്ത്യൻ സ്‌പോർട്‌സ് രംഗത്തിന് പൊൻതൂവൽ സമ്മാനിച്ച് ലോക അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടവുമായി ഇന്ത്യയുടെ മിക്‌സഡ് റിലേ ടീം ഫൈനലിലേക്ക് യോഗ്യത നേടി. 4*400 മീറ്റർ മിക്‌സഡ് റിലേയിൽ 3:16:14 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഇന്ത്യൻ ടീം ഫൈനലിന് യോഗ്യത നേടിയത്. ഫൈനലിലേക്ക് യോഗ്യത നേടിയതിനൊപ്പം ടോക്കിയോ ഒളിംപിക്‌സിനും ഇന്ത്യൻ ടീം യോഗ്യത ഉറപ്പാക്കി. മുഹമ്മദ് അനസും വികെ വിസ്മയയും ജിസ്‌ന മാത്യുവും നോഹ നിർമ്മലും ചേർന്ന ടീമാണ് ഇന്ത്യയ്ക്ക് കരുത്തായത്.

Exit mobile version