പറ്റില്ലെങ്കില്‍ വല്ല വാര്‍ക്കപ്പണിക്കും പോടാ…ഒരു പണിക്കും കൊള്ളാത്തവര്‍ക്ക് പറ്റിയത് വര്‍ക്കപണിയാണ് എന്ന് പുച്ഛത്തോടെ വിളിച്ചു പറയുന്നതിലെ നര്‍മ്മം എന്താണെന്ന് ഇത് വരെ മനസ്സിലായിട്ടില്ല; വൈറലായി കുറിപ്പ്

തൊഴിലാളി ദിനത്തില്‍ ജിബിന്‍ ഫ്രാന്‍സിസ് എന്ന യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പറ്റില്ലെങ്കില്‍ വല്ല വാര്‍ക്കപ്പണിക്കും പോടാ എന്നത് സിനിമകളിലും സോഷ്യല്‍ മീഡിയകളിലും തമാശക്കായി അല്ലെങ്കില്‍ ഒരു വ്യക്തിയെ കളിയാക്കാനായി ഉപയോഗിക്കുന്ന വാക്കുകള്‍ ആണ്. എന്നാല്‍ ഒരു പണിക്കും കൊള്ളാത്തവര്‍ക്ക് പറ്റിയ പണിയാണ് വാര്‍ക്കപ്പണിയെന്ന് പറയുന്നതിലെ രസം തനിക്ക് ഇതുവരെ മനസിലായിട്ടില്ലെന്ന് യുവാവ് കുറിപ്പില്‍ പറയുന്നു.

തന്റെ അപ്പച്ചന്‍ ഒരു വാര്‍ക്കപ്പണിക്കാരന്‍ ആയിരുന്നുവെന്നും, എന്നും വൈകുന്നേരം പണി കഴിഞ്ഞു വന്നു നാളെ തട്ട് അടിക്കാനും മറ്റും ആവശ്യമായ പലകയുടെയും സിമന്റിന്റെയും മറ്റും കണക്കുകള്‍ കൂട്ടിയും കിഴിച്ചുമൊക്കെ നോക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും ജിബിന്‍ കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘പറ്റില്ലെങ്കില്‍ വല്ല വാര്‍ക്കപ്പണിക്കും പോടാ… ‘
കുറെയധികം നാളുകളായി സിനിമകളിലും സോഷ്യല്‍ മീഡിയകളിലും തമാശക്കായി അല്ലെങ്കില്‍ ഒരു വ്യക്തിയെ കളിയാക്കാനായി ഉപയോഗിക്കുന്ന വാക്കുകള്‍ ആണിവ.ഒരു പണിക്കും കൊള്ളാത്തവരെ നിങ്ങള്‍ക്ക് പറ്റിയത് വര്‍ക്കപണിയാണ് എന്ന് പുച്ഛത്തോടെ വിളിച്ചു പറയുന്നതിലെ നര്‍മ്മം എന്താണെന്ന് എനിക്ക് ഇത് വരെ മനസ്സിലായിട്ടില്ല…

എന്റെ അപ്പച്ചന്‍ ഒരു വാര്‍ക്കപ്പണിക്കാരന്‍ ആയിരുന്നു. എന്നും വൈകുന്നേരം പണി കഴിഞ്ഞു വന്നു നാളെ തട്ട് അടിക്കാനും മറ്റും ആവശ്യമായ പലകയുടെയും സിമന്റിന്റെയും മറ്റും കണക്കുകള്‍ കൂട്ടിയും കിഴിച്ചുമൊക്കെ നോക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. സിമന്റ് തേക്കുന്നതിനു എന്തിനാണ് ഇത്ര വലിയ കണക്ക് കൂട്ടല്‍ എന്ന് പറഞ്ഞു ഞാന്‍ ചെറുപ്പത്തില്‍ അപ്പച്ചനെ ഒരുപാടു കളിയാക്കിയിട്ടുമുണ്ട്. പിന്നീടൊരിക്കല്‍ കോളേജില്‍ പഠിക്കുന്ന സമയത്താണ് എന്നെ പഠിപ്പിക്കുന്ന ഒരു അധ്യാപകന്റെ വീട് അപ്പച്ചന്‍ പണിതതാണെന്ന് ഞാന്‍ അറിയുന്നത്. അദ്ദേഹത്തിന്റെ വീടിന്റെ പ്ലാനില്‍ എന്‍ജിനീയര്‍ കാണാത്ത എന്തൊക്കെയോ കുഴപ്പങ്ങള്‍ കണ്ടെത്തിയതും അത് തിരുത്തിയതും കൂലിപ്പണിക്ക് വന്ന പണിക്കരാണ്. ആദ്യം എതിര്‍ത്തെങ്കിലും ഒടുവില്‍ എന്‍ജിനീയറിനു തന്റെ തെറ്റ് സമ്മതിക്കേണ്ടി വന്നു. അഭിമാനത്തോടെയാണ് സാറില്‍ നിന്നും ഞാന്‍ ആ കഥ കേട്ടിരുന്നത്.

പൊള്ളുന്ന വെയിലില്‍ നട്ടുച്ചക്ക് പോലും വീടിന്റെ തട്ടില്‍ കയറി നിന്ന് അധ്വാനിക്കുന്ന, കോരി ചൊരിയുന്ന മഴയത് ബഹുനിലക്കെട്ടിടങ്ങള്‍ക്ക് മുകളില്‍ ഒരു സേഫ്റ്റിയുമില്ലാതെ പണിയെടുക്കുന്ന വര്‍ക്കപണിക്കാരും വര്‍ക്കപ്പണിയും തമാശയാക്കി ചിരിക്കുമ്പോള്‍ നിങ്ങള്‍ ഓര്‍ക്കുക നിങ്ങള്‍ ഇപ്പോള്‍ ഇരിക്കുന്ന ആ കെട്ടിടം തേച്ചു മിനുക്കിയതു ഒരുപാടു കെട്ടിട നിര്‍മ്മാണ തൊഴിലാളികളുടെ വിയര്‍പ്പും കൂടി കൊണ്ടാണെന്ന്.

ഒരു പണിക്കും കൊള്ളാത്തവര്‍ക്ക് ചെയ്യാന്‍ പറ്റിയ പണിയല്ല വാര്‍ക്കപ്പണി, കാരണം ഒരു പണിക്കും കൊള്ളാത്തവര്‍ക്ക് ചെയ്യാന്‍ പറ്റിയ ഒരു പണിയും ഈ ലോകത്ത് ഇല്ല സുഹൃത്തേ….
തൊഴിലെടുത്തു ജീവിക്കുന്ന എല്ലാവര്‍ക്കും തൊഴിലാളി ദിനാശംസകള്‍…’

Exit mobile version