സകല ചലഞ്ചും ഏറ്റെടുക്കുന്ന മലയാളികള്‍ക്ക് എന്തേ ഈ ‘ചലഞ്ച്’ വേണ്ടേ?

ബൈറണ്‍ റോമന്‍ എന്നയാളാണ് ഈ ചലഞ്ച് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആവാന്‍ കാരണം

സോഷ്യല്‍ മീഡിയയില്‍ അനുദിനം പുത്തന്‍ ‘ചലഞ്ചു’കളാണ് പൊങ്ങിവരാറുള്ളത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പുതുതായി വന്ന് തരംഗമാവാതെ പോയ ഒരു ചലഞ്ചിനെ കുറിച്ചാണ് ഇവിടെ കുറിക്കുന്നത്. മാലിന്യങ്ങള്‍ അടിഞ്ഞുകൂടി വൃത്തികേടായി കിടക്കുന്ന ഏതെങ്കിലും ഒരു സ്ഥലം വൃത്തിയാക്കുക എന്നതാണ് ഈ ചലഞ്ച്. ആദ്യം മലിനമായി കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയെടുക്കണം. പിന്നീട് അതേ സ്ഥലം വൃത്തിയാക്കിയ ശേഷമുള്ള ഫോട്ടോയും. ഈ രണ്ട് ഫോട്ടോകളും ‘മുമ്പ്’, ‘ശേഷം’ എന്നീ തലക്കെട്ടോടെ സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗോടുകൂടി പോസ്റ്റ് ചെയ്യണം.

നാല് വര്‍ഷം മുന്‍പ് ഒരു സ്വകാര്യ കമ്പനിയാണ് ഈ ചലഞ്ച് കൊണ്ടുവന്നത്. എന്നാല്‍ സമൂഹത്തില്‍ ചലഞ്ച് കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഈ ചലഞ്ച് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ബൈറണ്‍ റോമന്‍ എന്നയാളാണ് ഈ ചലഞ്ച് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആവാന്‍ കാരണം. ബൈറണ്‍ റോമന്‍ ചലഞ്ച് ഏറ്റെടുത്ത് ചിത്രം ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തു. ഇത് ആഗോള തലത്തില്‍ ശ്രദ്ധയും നേടി.

അലസരായി നടക്കുന്ന യുവാക്കള്‍ക്ക് വേണ്ടിയൊരു ചലഞ്ച് എന്നാണ് ചലഞ്ച് ഏറ്റെടുത്ത് ബൈറണ്‍ ഫേസ്ബുക്കില്‍ കുറിച്ചത്. എന്തായാലും ബൈറണ്‍ന്റെ ഈ പോസ്റ്റ് മൂന്ന് ലക്ഷം പേരാണ് ഷെയര്‍ ചെയ്തത്. കഴിഞ്ഞ ദിവസം ‘വീ ഡോണ്ട് ഡിസര്‍വ് ദിസ് പ്ലാനെറ്റ്’ എന്ന ഫേസ്ബുക്ക് പേജും ഈ ചലഞ്ച് ഏറ്റെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ ലോകത്തുള്ള സകല ചലഞ്ചും ഏറ്റെടുക്കുന്ന നമ്മള്‍ മലയാളികള്‍ ഈ ചലഞ്ച് കണ്ട മട്ടില്ല. ബാക്കി സകല ചലഞ്ചും ഏറ്റെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ഇടാന്‍ മത്സരിക്കുന്ന മലയാളികള്‍ ഇത് ഏറ്റെടുത്തില്ല എന്നതാണ് ഏറെ കൗതുകം. വളരെ ചുരുക്കം യുവാക്കള്‍ മാത്രമാണ് ഈ ചലഞ്ച് ഏറ്റെടുത്ത് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

Exit mobile version