‘മെറ്റ’ നേരത്തേയുണ്ട് : പേര് സ്വന്തമാക്കാന്‍ ഫെയ്‌സ്ബുക്കിന് ചെറിയൊരു കടമ്പ

അരിസോണ : സമൂഹമാധ്യമമായ ഫെയ്‌സ്ബുക്ക് മാതൃകമ്പനിയുടെ പേര് മാറ്റി മെറ്റ ആക്കുന്നു എന്ന വാര്‍ത്ത തെല്ലൊരു ഞെട്ടലോടെയാണ് നമ്മളെല്ലാം കേട്ടത്. എന്നാല്‍ നമ്മളേക്കാളുമൊക്കെ കുറച്ചധികം ഞെട്ടിയ കുറച്ചുപേരുണ്ട് അരിസോണയില്‍. കംപ്യൂട്ടറുകളും ലാപ്‌ടോപ്പുകളും ഗെയിമിംഗ് സോഫ്റ്റ് വെയറുകളുമെല്ലാം വില്‍ക്കുന്ന മെറ്റ പിസി(Meta PCs) എന്ന കമ്പനിയുടെ സ്ഥാപകര്‍. ഭാഗ്യത്തിന് മാസങ്ങള്‍ക്ക് മുമ്പ് കമ്പനി തങ്ങളുടെ പേര് ട്രേഡ് മാര്‍ക്ക് ചെയ്തിട്ടുണ്ട്‌.

ഫെയ്‌സ്ബുക്ക് മെറ്റ എന്ന പേര് സ്വീകരിക്കുമെന്ന് തങ്ങള്‍ക്ക് യാതൊരു ഊഹവും ഉണ്ടായിരുന്നില്ല എന്ന് കമ്പനിയുടെ സഹസ്ഥാപകനായ സാക്ക് ഷട്ട് പറഞ്ഞു.ഏറെ കഷ്ടപ്പെട്ടാണ് തങ്ങള്‍ കമ്പനി കെട്ടിപ്പടുത്തതെന്നും ഫെയ്‌സ്ബുക്ക് അതേ പേര് തന്നെ സ്വീകരിച്ചപ്പോള്‍ തങ്ങള്‍ ഏറെ കഷ്ടപ്പെട്ട് നിര്‍മിച്ചെടുത്ത സ്വാഭാവിക സ്വീകാര്യത നഷ്ടപ്പെടുമോ എന്ന് ആശങ്കയുണ്ടെന്നും ഷട്ട് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തത്. ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഈ പേര് സ്വന്തമാക്കാന്‍ ശ്രമിച്ചാല്‍ രണ്ട് കോടി ഡോളറില്‍ താഴെ തുകയ്ക്ക് പേര് വില്‍ക്കില്ലെന്ന് സ്ഥാപകരായ സാക്ക് ഷട്ടും ജോ ഡാര്‍ജറും പറഞ്ഞു. ഇന്‍ഫ്‌ളുവെന്‍സര്‍ മാര്‍ക്കറ്റിങ്ങിനും ബ്രാന്‍ഡഡ് കണ്ടന്റുകള്‍ക്കും വേണ്ടി മെറ്റ പിസി പണം ചിലവാക്കുന്നുണ്ട്.തങ്ങള്‍ പുതിയ പേര് സ്വീകരിക്കുന്നുവെന്നും ഫെയ്‌സ്ബുക്ക് എന്നാണ് പുതിയ പേരെന്നും തമാശ രൂപേണ കമ്പനി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം നിരവധി പേരാണ് ഷെയര്‍ ചെയ്തത്.

എന്നാല്‍ പേര് സ്വന്തമാക്കുന്നതിന് ഫെയ്‌സ്ബുക്കിന് അധികം കഷ്ടപ്പാടൊന്നും വേണ്ടി വരില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. 25 പേരില്‍ താഴെ മാത്രം ജീവനക്കാരുള്ള ചെറിയ കമ്പനിയാണ് മെറ്റ പിസി. ഇത്തരം സാഹചര്യങ്ങളില്‍ ഏത് വന്‍ കിട കമ്പനികളും സ്വീകരിച്ചു വരുന്ന കുറുക്കു വഴികള്‍ ഫെയ്‌സ്ബുക്കിനും ചെയ്യാവുന്നതേയുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version