“ഫേസ്ബുക്കിന് സുരക്ഷയേക്കാള്‍ പ്രധാനം ലാഭം” : ആരോപണങ്ങള്‍ തെറ്റെന്ന് സക്കര്‍ബര്‍ഗ്

വാഷിംഗ്ടണ്‍ : ഫേസ്ബുക്കിന് ഉപഭോക്താക്കളുടെ സുരക്ഷയേക്കാള്‍ പ്രധാനം ലാഭത്തിനാണെന്ന ആരോപണം തള്ളി കമ്പനി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ലാഭത്തിനായി ആളുകള്‍ക്ക് ദേഷ്യമുണ്ടാക്കുന്ന ഉള്ളടക്കം നല്‍കുന്നുവെന്ന വിമര്‍ശനം യുക്തിരഹിതമാണെന്നും ആളുകളില്‍ വിഷാദവും ദേഷ്യവും സൃഷ്ടിക്കുന്ന ഉള്‍പ്പന്നം ഏതെങ്കിലും ടെക്ക് കമ്പനി പുറത്തുവിടുമെന്ന് താന്‍ കരുതുന്നില്ലെന്നും സക്കര്‍ബര്‍ഗ് ജീവനക്കാര്‍ക്കായി എഴുതിയ കുറിപ്പില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്നുവെന്നും കുട്ടികള്‍ക്ക് ദോഷകരമാണെന്നും ഫേസ്ബുക്കിന്റെ മുന്‍ ജീവനക്കാരി ഫ്രാന്‍സിസ് ഹോഗന്‍ ആരോപിച്ചിരുന്നു. ഫേസ്ബുക്കിലൂടെയുള്ള വ്യാജ പ്രചാരണങ്ങളെക്കുറിച്ച് പഠിക്കുന്ന ടീമിലെ മാനേജരായിരുന്നു ഹോഗന്‍. ഫേസ്ബുക്കും അവരുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാം ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങളും സമൂഹത്തേക്കാളുപരി ലാഭത്തിന് പ്രാധാന്യം നല്‍കുന്നുവെന്നായിരുന്നു ഹോഗന്റെ വെളിപ്പെടുത്തല്‍. ഇതിനെതിരെയാണ്‌ സക്കര്‍ബര്‍ഗ് രംഗത്തെത്തിയിരിക്കുന്നത്.

അനുചിതമായ ഉള്ളടക്കം കണ്ടെത്തിയിട്ടും നീക്കം ചെയ്യുകയോ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുകയോ ചെയ്തില്ലെന്നും ഹോഗന്‍ ആരോപിച്ചിരുന്നു. ഇന്‍സ്റ്റഗ്രാം ഉപയോഗം കൗമാരക്കാരുടെ മാനസികാരോഗ്യം തകര്‍ക്കുന്നതാണെന്നും ഇന്‍സ്റ്റഗ്രാം കിഡ്‌സ് പുറത്തിറക്കാന്‍ നടത്തിയ ശ്രമം ഈ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നുവെന്നും ഹോഗന്‍ കുറ്റപ്പെടുത്തിയിരുന്നു.

ഹോഗന്റെ വെളിപ്പെടുത്തലിന് പിന്നാലെ 7 മണിക്കൂര്‍ നീണ്ട സാങ്കേതികത്തകരാറില്‍ ഫെയ്‌സ്ബുക്കിന്റെ സേവനങ്ങള്‍ ഒന്നാകെ പണിമുടക്കിയതും നിരവധി ഊഹാപോഹങ്ങള്‍ക്ക് വഴിവെച്ചു. തകരാറിനെത്തുടര്‍ന്ന് ഏകദേശം 44,732 കോടി രൂപയുടെ നഷ്ടമാണ് സക്കര്‍ബര്‍ഗിനുണ്ടായത്.

Exit mobile version